Thursday, January 17, 2013

നോവല്‍ - അദ്ധ്യായം - 61.

മിക്ക ഒഴിവു ദിവസങ്ങളിലും രാവിലെ സാവിത്രിയാണ് അമ്പലത്തിലെ ജോലിക്ക് ചെല്ലാറ്. അന്നെങ്കിലും അമ്മ കുറെ നേരം വിശ്രമിച്ചോട്ടെ. കഴകം നിറുത്തിക്കൂടെ എന്ന് പല തവണ ചോദിച്ചിരുന്നു. വയ്ക്കുന്ന കാലം ഭഗവാനു വേണ്ടതൊക്കെ ഒരുക്കികൊടുക്കും എന്ന നിലപാടാണ് അമ്മയുടേത്. പൂജയ്ക്ക് വേണ്ട പുഷ്പങ്ങളും കഴുകിയ പാത്രങ്ങളും ഏല്‍പ്പിച്ച ശേഷം മാല കെട്ടാനിരുന്നു. വഴിപാട് ശീട്ടാക്കുന്ന പയ്യന്‍  എത്തി എന്നു തോന്നുന്നു. മൈക്കിന്‍റെ  ഒച്ച കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്.


മാല കെട്ടുന്നതിന്നിടയില്‍ സാവിത്രി തലയുയര്‍ത്തി നോക്കി. ബലിക്കല്‍പുരയില്‍ ആരോ എത്തിയിട്ടുണ്ട്. വെളിച്ചക്കുറവു കാരണം ആളെ തിരിച്ചറിയാനാവുന്നില്ല. ആരാണാവോ ഇത്ര നേരത്തെ വന്നിരിക്കുന്നത്. നട തുറന്ന് തിരുമേനി വിളക്ക് വെച്ചിട്ടേയുള്ളു. അകത്തേക്കു കടന്നതും ആളെ മനസ്സിലായി. ഇന്ദിര ചേച്ചി. കുളിച്ച് ഈറനോടെയുള്ള വരവാണ്. നേരെ ശ്രീകോവിലിന്നു മുന്നില്‍ ചെന്ന് സാഷ്ടാംഗം നമസ്ക്കരിക്കുന്നു. ഇതെന്തു പറ്റി. ചേച്ചി അധികമൊന്നും അമ്പലത്തിലെത്താത്ത ആളാണ്. നൂറുകൂട്ടം പ്രാരബ്ധങ്ങള്‍ ഉള്ളതോണ്ടായിരിക്കാം വരാത്തത്. ഇന്ന് വിശേഷം വല്ലതും ഉണ്ടോ ആവോ.


കുറെ നേരമായിട്ടും
ഇന്ദിര എഴുന്നേല്‍ക്കുന്ന ലക്ഷണം കാണഞ്ഞപ്പോള്‍ സാവിത്രി കെട്ടിക്കൊണ്ടിരിക്കുന്ന മാല താഴെവെച്ച് എഴുന്നേറ്റ് ചെന്നു. സോപാനത്തിന്‍റേയും നമസ്ക്കാര മണ്ഡപത്തിന്‍റേയും ഇടയിലായി ഇന്ദിര കിടപ്പാണ്. വിതുമ്പി കരയുന്നതിനനുസരിച്ച് ദേഹം ഉലയുന്നുണ്ട്. തോളില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു.
'' എന്താ ചേച്ചി ഇത്. ചേച്ചിക്കെന്താ പറ്റിയത് '' പരിഭ്രമം കാരണം ചോദിക്കുമ്പോള്‍ തൊണ്ട വിറച്ചു.'' മോളേ പോയി. എന്‍റെ എല്ലാം പോയി '' അവര്‍ കെട്ടിപിടിച്ച് തേങ്ങിക്കരഞ്ഞു.


ഈശ്വരാ, രാമേട്ടന് വല്ലതും പറ്റിയോ. കഴിഞ്ഞ തവണ കണ്ടപ്പോള്‍ സൂക്കട് നല്ലോണം ഭേദമായി എന്നു പറഞ്ഞതാണല്ലോ. പിന്നെ എന്താണ് ?
'' എന്താ ചേച്ചി രാമേട്ടന് ''. ഇന്ദിര ഒന്നുമില്ലെന്ന് തലയാട്ടി.'' പിന്നെന്താ ചേച്ചി ''.'' എന്‍റെ അനൂന്......... '' അവര്‍ പകുതിക്ക് നിര്‍ത്തി. അനൂപിന് എന്താണ്. മഴ കൊണ്ടിട്ട് പനി പിടിച്ചു എന്നു കേട്ടു. ചിക്കന്‍ ഗുനിയയോ ഡെങ്കിപ്പനിയോ മറ്റോ ആയിരിക്കുമോ.


'' ചേച്ചി കരയണ്ടാ. വരൂ, നമുക്ക് വെളിയില്‍ ചെന്ന് സമാധാനമായി സംസാരിക്കാം '' ഇന്ദിരയുടെ കയ്യും പിടിച്ച് സാവിത്രി പുറത്തേക്കു നടന്നു.


'' ഇനി പറയൂ. എന്താ നമ്മുടെ അനൂന് ''.


ഇന്ദിര കരച്ചിലിന്‍റെ അകമ്പടിയോടെ വിവരമെല്ലാം പറഞ്ഞു. എങ്ങിനെ അവരെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. '' ചേച്ചി, തേവര് കൈവിടില്ല എന്ന് സമാധാനിക്കൂ. ഒക്കെ ശരിയാവും '' ആശ്വാസവാക്കുകള്‍  പറഞ്ഞുവെങ്കിലും ഈ വിഷയത്തില്‍ നിന്ന് ചേച്ചിയുടെ മനസ്സ് മാറ്റണം. 


'' ഇന്നലെ സന്ധ്യ മയങ്ങിയ ശേഷം ഒരു മോട്ടോര്‍ സൈക്കിള്‍ കടക്കുന്നതു കണ്ടു. അനൂപിന്‍റെ കൂട്ടുകാര്‍  ആരെങ്കിലുമാണെന്നാണ് ഞാന്‍ കരുതിയത് '' സാവിത്രി പറഞ്ഞു.'' ഗോപാലകൃഷ്ണന്‍ സാറും അനൂന്‍റെ കൂട്ടുകാരനും ആ സമയത്ത് എത്തിയില്ലെങ്കില്‍ ഞങ്ങള് നാലാളും ഇപ്പൊ മരിച്ചു കിടക്കുന്നുണ്ടാവും '' ഇന്ദിര കണ്ണു തുടച്ചു.'' എന്നാലും എന്‍റെ  ചേച്ചി, ഇങ്ങിനത്തെ ബുദ്ധിമോശം തോന്ന്യേലോ. പോവുന്നോര്‍ക്ക് പോവാം. ഇരിക്കുന്നോര്‍ക്ക് ബാക്കീള്ള കാലം ദുഃഖം മാത്രം '' സാവിത്രി തുടര്‍ന്നു '' എന്‍റെ അച്ഛന്‍ അന്നു ചെയ്ത കടുംകൈ ഇന്നും മനസ്സില്‍ നിന്ന് വിട്ടു മാറീട്ടില്ല ''.


കുറെ നേരത്തേക്ക് രണ്ടാളും ഒന്നും സംസാരിച്ചില്ല. എന്തു വേണമെന്ന് അറിയാതെ ഇന്ദിരയും എന്താണ്  ചെയ്യേണ്ടത് എന്നോര്‍ത്ത് സാവിത്രിയും നിന്നു.'' ചേച്ചി പരിഭ്രമിക്കാതിരിക്കൂ. ഞാന്‍ വാരിയത്തു ചെന്നതും അങ്ങോട്ട് വരാം. എന്തെങ്കിലും ചെയ്യാന്‍  പറ്റുമോന്ന് നോക്കട്ടെ ''.പറഞ്ഞതുപോലെ സാവിത്രി അനൂപിനെ കാണാനെത്തി. കട്ടിലില്‍ അവനോട് ചേര്‍ന്നിരുന്ന് അവള്‍ അവന്‍റെ മുടിയിലൂടെ വിരലോടിച്ചു.


'' നീ ഒട്ടും വിഷമിക്കണ്ടാ. നിന്‍റെ റിപ്പോര്‍ട്ടുകളുംകൊണ്ട് മേമ ഇന്നന്നെ ഒരാളെ കാണാന്‍ പോണുണ്ട്. ചിലപ്പൊ അയാള് എന്തെങ്കിലും ചെയ്തു തരും ''. എല്ലാ റിപ്പോര്‍ട്ടുകളുമായിട്ടാണ് സാവിത്രി തിരിച്ചു പോയത്.'' റിട്ടേണ്‍ ടിക്കറ്റു കൂടി ഓക്കെ ആക്കിയിട്ടാണ് സമസ്ത ജീവജാലങ്ങളും ഭൂമിയിലെത്തുന്നത്, അതിനാല്‍ മരണത്തെ ഭയപ്പെടുകയോ അതില്‍ ദുഖിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല '' ഒന്നുനിര്‍ത്തി എല്ലാവരേയും  നോക്കിയ ശേഷം ഗോപാലകൃഷ്ണന്‍ നായര്‍ തുടര്‍ന്നു '' ആര്‍ക്കു വേണമെങ്കിലും ഇത്തരത്തിലുള്ള വേദാന്തം പറയാനാവും. പക്ഷെ അതെല്ലാം വെറും വാക്കുകള്‍ മാത്രമാണ്. വേര്‍പാടിന്‍റെ വേദന എന്താണ് എന്നത് അവനവനെ ബാധിക്കുമ്പോഴേ അറിയൂ ''.  


അനൂപിന്‍റെ രോഗവിവരം അറിയിക്കാനും ചികിത്സയ്ക്ക് വേണ്ടുന്ന സഹായം നല്‍കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്നതിന്നും വേണ്ടി തന്‍റെ വീട്ടില്‍വെച്ചു കൂടിയ യോഗത്തില്‍ അയാള്‍ സംസാരിക്കുകയായിരുന്നു. കേള്‍വിക്കാറായി അനൂപിന്‍റെ ഏതാനും സുഹൃത്തുക്കളെ ക്കൂടാതെ കെ.എസ്. മേനോന്‍ മാത്രമേയുള്ളു.ശിവശങ്കരമേനോനേയും വിളിച്ചിരുന്നു. ബിസിനസ്സ് സംബന്ധമായ കാര്യങ്ങള്‍ക്കായി അദ്ദേഹം അപ്പോള്‍ ബാംഗ്ലൂരിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അനൂപിന്‍റെ രോഗത്തിന്‍റെ ഗൌരവം വിവരിക്കാന്‍ തുടങ്ങുമ്പോഴേക്കും അനിരുദ്ധനും രാധികയും എത്തി.'' അച്ഛന്‍ വിളിച്ചിരുന്നു. ഇവിടെ വന്ന് വിവരങ്ങളെല്ലാം അറിയാന്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് '' രാധിക പറഞ്ഞു '' തിരിച്ചെത്തിയതും അച്ഛന്‍ വന്ന് കാണും ''.ഡോക്ടര്‍ പറഞ്ഞ കാര്യങ്ങല്ലാം ഗോപാലകൃഷ്ണന്‍ വിവരിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയ കൂടാതെ പറ്റില്ല. അതിന്ന് ധാരാളം പണച്ചിലവുണ്ട്. അനൂപിന്‍റെ കുടുംബത്തിന്ന് താങ്ങാനാവുന്ന ഒന്നല്ല അത്. അവരെ സഹായിക്കാന്‍ ബന്ധുക്കളാരുമില്ല. പോരാത്തതിന്ന് അവന്‍റെ
അച്ഛന്‍ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ കൂടി കഴിയാത്ത രോഗിയാണ്. അനുജത്തിയുടെ പഠിപ്പ് കഴിഞ്ഞിട്ടില്ല. പഠിപ്പോ ലോകപരിചയമോ ഇല്ലാത്ത വെറുമൊരു വീട്ടമ്മയാണ് അവന്‍റെ അമ്മ. ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള വഴി കാണാതെ അവര്‍ കൂട്ടആത്മഹത്യക്ക് ഒരുങ്ങിയതാണ്. തക്ക സമയത്ത് ഞങ്ങള്‍ അവിടെ എത്തിയതുകൊണ്ട് ആ ദുരന്തം തടയാനായി. എല്ലാവരും ശ്രദ്ധയോടെ കേള്‍ക്കുകയാണ്.


 '' ഇനി പറയൂ, നമുക്ക് എന്തു ചെയ്യാനാവും '' ഗോപാലകൃഷ്ണന്‍ മറ്റുള്ളവര്‍ക്കു മുമ്പില്‍ ഒരു ചോദ്യമെറിഞ്ഞു.
'' എന്‍റെ കയ്യില്‍ ഒരു ലക്ഷത്തോളം രൂപയുണ്ട്. അത് ഞാന്‍ തരാം '' ആദ്യം സഹായ ഹസ്തം നീട്ടിയത് പ്രദീപാണ്.'' എന്‍റെ മോട്ടോര്‍ സൈക്കിള്‍ വിറ്റു കിട്ടുന്ന പണം ഞാന്‍ തരാം '' റഷീദ് പറഞ്ഞു.


'' എന്നിട്ട് പണിക്കു പോവാനോ '' ഗോപാലകൃഷ്ണന്‍ അവനോട് ചോദിച്ചു.'' വേറൊന്ന് ഞാന്‍ ലോണില്‍ വാങ്ങും ''.'' ഇത്തരത്തിലുള്ള പ്രതികരണമല്ല നമുക്കാവശ്യം '' ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു '' അനൂപിനോട് ഇവര്‍ക്കുള്ള സ്നേഹത്തിനേയോ, ഇവരുടെ ത്യാഗ സന്നദ്ധതയേയോ താഴ്ത്തി കാണാതെ തന്നെ പറയട്ടെ. അനൂപിന്‍റെ ചികിത്സയ്ക്ക് വേണ്ട പണം ഏതാനും ആളുകള്‍ ചേര്‍ന്ന് എടുക്കുകയല്ല മറിച്ച് ഈ നാട്ടിലെ ഉദാരമതികളായ ആളുകളില്‍ നിന്ന് സംഭരിക്കുകയാണ് വേണ്ടത്. അഞ്ചോ, പത്തോ, അമ്പതോ, നൂറോ, അഞ്ഞൂറോ, ആയിരമോ എന്തു നല്‍കിയാലും അതിന്ന് പുറകില്‍ ആ പണം നല്‍കുന്നവരുടെ പ്രാര്‍ത്ഥന കൂടി അവനു വേണ്ടി ഉണ്ടാവും. അത് ചില്ലറ കാര്യമല്ല ''. അത് ശരിയാണെന്ന് എല്ലാവര്‍ക്കും തോന്നി.


'' പണം ഉണ്ടാക്കിയാല്‍ മാത്രം പോരാ. അനൂപിന്‍റെ ഓപ്പറേഷന്ന് ആള്‍സഹായവും വേണം. അതിന്ന് നല്ലൊരു ടീം ഉണ്ടാവണം ''.'' നമ്മളൊക്കെ പോരേ സാറേ ''.റഷീദ് ചോദിച്ചു.


'' പോരാഞ്ഞിട്ടല്ല. എങ്കിലും കുറച്ചുകൂടി വിപുലമായിക്കോട്ടേ. പഞ്ചായത്ത് പ്രസിഡണ്ടിനേയും അനൂപ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററേയും ചേര്‍ക്കണം. നല്ലൊരു രക്ഷാധികാരി വേണം. അദ്ദേഹത്തിന്‍റെ പേരു കേട്ടാല്‍ തന്നെ അഞ്ചു രൂപ തരാന്‍ ഉദ്ദേശിച്ച ആള്‍ അമ്പതു രൂപ തരുന്ന വിധം പേരുള്ള ഒരാള്‍ ''.


'' ആരേയെങ്കിലും സാര്‍ ഉദ്ദേശിച്ചിട്ടുണ്ടോ '' പ്രദീപ് ചോദിച്ചു.'' ഉണ്ട്. പക്ഷെ അദ്ദേഹം ഇവിടെയില്ല ''.


'' എന്നാലും അറിഞ്ഞോട്ടെ ''.


'' ശിവശങ്കരമേനോനെയാണ് ഞാന്‍ മനസ്സില്‍ കരുതിയത്. പക്ഷെ അദ്ദേഹം ഇല്ലാതെ തീരുമാനിക്കാന്‍  പാടില്ലല്ലോ ''.


'' അത് സാരൂല്യാ. ഞാന്‍ അച്ഛനോട് പറഞ്ഞോളാം '' രാധിക പറഞ്ഞതോടെ ആ പ്രശ്നം തീര്‍ന്നു.'' എന്‍റെ ഭാര്യയുടെ കുടുംബക്കാരുടെ വക ഒരു ട്രസ്റ്റുണ്ട് '' കെ.എസ്.മേനോന്‍ പറഞ്ഞു '' ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൊല്ലംതോറും വലിയൊരു തുക ട്രസ്റ്റില്‍ നിന്ന് കൊടുക്കാറുണ്ട്. ഞാന്‍ മകനോടു പറഞ്ഞ് മാക്സിമം വാങ്ങിത്തരാം ''. എല്ലാവരും കയ്യടിച്ചു.


'' ആദ്യത്തെ സംഭാവന എന്‍റെ വക '' പതിനായിരത്തിയൊന്ന് രൂപയുടെ ചെക്ക് നല്‍കിക്കൊണ്ട് രാധിക പറഞ്ഞു '' ഇനി അച്ഛന്‍ വേണ്ടത് ചെയ്തോളും ''.'' അച്ഛന്‍ വന്നിട്ട് അടുത്ത മീറ്റിങ്ങ് കൂടാമെന്ന് പറയൂ '' ഗോപാലകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. വൈകുന്നേരം അയാള്‍ക്ക് ശിവശങ്കരമേനോന്‍റെ ഫോണ്‍ വന്നു.'' പൊതുവെ ഞങ്ങള്‍ ബിസിനസ്സുകാര്‍ പണപ്പിരിവിന്ന് ഇറങ്ങുന്ന പതിവില്ല. എപ്പോഴെങ്കിലും വല്ലതും ചോദിച്ച് ആരെങ്കിലും വന്നാല്‍ കൊടുക്കും. '' അയാള്‍ പറഞ്ഞു '' പക്ഷെ, ഇത് എന്‍റെ മകള് ഏറ്റതല്ലേ. അതോണ്ട് ഞാന്‍ ഒഴിവ് പറയുന്നില്ല. പക്ഷെ എനിക്ക് തിരക്കുള്ളപ്പോള്‍ എന്നെ ഒഴിവാക്കണം ''.


ഗോപാലകൃഷ്ണന്‍ ചിരിച്ചു, മനസ്സു നിറഞ്ഞ ചിരി.

6 comments:

 1. ആശങ്കകള്‍ മുഴുവനും വിട്ടകന്നിട്ടില്ല. എങ്കിലും ആശ്വാസത്തിന്‍റെ കുളിര്‍മഴയേറ്റത്തോടെ അനൂപിന്‍റെ കുടുംബത്തില്‍ പ്രതീക്ഷയുടെ പുത്തന്‍ നാമ്പുകള്‍ കിളുര്‍ക്കാന്‍ തുടങ്ങി.

  അറുപതാം അദ്ധ്യായത്തിന്റെ ആദ്യത്തെ ഖണ്ഡിക ആണ് എനിക്ക് എഴുതാന്‍ തോന്നിയത്..
  ആ കുടുംബം രക്ഷപ്പെടട്ടെ...

  ReplyDelete
 2. സമയം പോലെ ആദ്യം മുതൽ വായിക്കാം..വീണ്ടും വരാം

  ReplyDelete
 3. വായിക്കുന്നുണ്ട്.വശ്യമായ ആഖ്യാനശൈലികൊണ്ട് ഓരോ കഥാപാത്രവും മനസ്സില്‍ പതിയുന്നുണ്ട്.ആശംസകള്‍

  ReplyDelete
 4. hi uncle,

  Nice presentation.. vayanakkaril avarudeth enn thonnana reethiyil ee kudumbam pathinj povanu...........

  Anna Bangalore

  ReplyDelete
 5. Nalina,
  അതെ. ആ കുടുംബം രക്ഷപ്പെടട്ടെ.
  ആയിരങ്ങളില്‍ ഒരുവന്‍,
  വായിച്ചു നോക്കി അഭിപ്രായം അറിയിക്കൂ.
  ആറങ്ങോട്ടുകര മുഹമ്മദ്,
  വളരെ സന്തോഷം. ആശംസകള്‍ക്ക് ഒരുപാട് നന്ദി.
  Anonymous,
  നോവല്‍ ഇഷ്ടപ്പെട്ടു എന്നതില്‍ സന്തോഷമുണ്ട്.

  ReplyDelete
 6. i love your writing. I never thought I will have change my mind, now I want to come back to kerala and live there. please keep writing.

  ReplyDelete