Monday, August 15, 2011

നോവല്‍ - അദ്ധ്യായം - 15.

റഷീദ് ടൌണില്‍ എത്തുമ്പോഴേക്കും മൊബൈലില്‍ വിളി വന്നു. എടുത്തു നോക്കിയപ്പോള്‍ മാനേജരാണ്. വാരിയര്‍ സാര്‍ അങ്ങിനെയാണ്. പറഞ്ഞ സമയത്തിന്ന് പത്ത് മിനുട്ടെങ്കിലും മുമ്പ് സാര്‍ എത്തിയിരിക്കും.

'' ഞാന്‍ ഇതാ എത്തിക്കഴിഞ്ഞു '' അവന്‍ പറഞ്ഞു.

'' നീ ധൃതി പിടിച്ച് ഓടിപ്പാഞ്ഞ് വരണ്ടാ. ഇവിടെ എത്തിയ വിവരം അറിയിച്ചതാണ് '' വാരിയര്‍ സാര്‍ മറുപടി പറഞ്ഞു '' ഞാന്‍ ലോഡ്ജില്‍ ഉണ്ടാവും ''.

വാരിയര്‍ സാര്‍ വന്നാല്‍ സ്ഥിരമായി താമസിക്കുന്ന ലോഡ്ജ് റഷീദിന്ന് അറിയാം. ബസ്സ് സ്റ്റാന്‍ഡിനടുത്തുള്ള ഒരു പഴയ കെട്ടിടം. നഗരത്തില്‍ ഏറ്റവും കുറഞ്ഞ വാടകയ്ക്ക് കിട്ടുന്ന ലോഡ്ജാണ് അത്.

റഷീദ് എത്തുമ്പോള്‍ പതിവുപോലെ വാരിയര്‍ സാര്‍ ഭഗവത് ഗീത വായിക്കുകയാണ്.

'' നമുക്ക് ഇറങ്ങാം അല്ലേ സാര്‍ '' അവന്‍ ചോദിച്ചു.

'' എന്താ ഇന്നത്തെ പ്ലാന്‍. ആരെയൊക്കേയാ നമ്മള്‍ ഇന്ന് കാണേണ്ടത് ''.

റഷീദ് ഡോക്ടര്‍മാരുടെ പേരു വിവരം പറഞ്ഞു. ഫിസീഷ്യനും , ഡെന്‍റ്റിസ്റ്റും , പീഡിയാട്രീഷ്യനും , ഐ സ്പെഷലിസ്റ്റും ഒക്കെ കൂടി അവിയല്‍ പരുവത്തില്‍ കുറെ പേരുകള്‍.

'' നോക്ക് റഷീദേ, ഡോക്ടേര്‍സ് ലിസ്റ്റ് നോക്കി പോയി വിസിറ്റ് ചെയ്ത്, വിഷ്വല്‍ ഐഡില്‍ ഉള്ള മരുന്നുകള്‍ മുഴുവന്‍ ഡീറ്റേയില്‍ ചെയ്യുന്നതോണ്ട് ഒരു കാര്യവും ഇല്ല. അതൊന്നും ഡോക്ടര്‍മാര്‍ ശ്രദ്ധിക്കില്ല ''.

'' പിന്നെ എന്താ സാര്‍ ചെയ്യണ്ടത് '' റഷീദ് ചോദിച്ചു.

'' ഓരോ സമയത്തിന്ന് അനുസരിച്ച് വേണ്ടത് ചെയ്യണം. നോക്ക്, ജൂണ്‍ മാസം തൊട്ട് മഴക്കാലം ആവും. ആ സമയം ചെറിയ കുട്ടികള്‍ക്ക് പനിയും ചുമയും വരുന്ന കാലമാണ്. നാട് മുഴുവന്‍ വൈറല്‍ ഫീവര്‍ ഉണ്ടാവും. ആ സമയത്ത് നമ്മളെന്താ ചെയ്യേണ്ടത് ? ഫിസീഷ്യന്മാരേയും, പീഡിയാട്രീഷ്യന്‍മാരേയും കോണ്‍സെന്‍ട്രേറ്റ് ചെയ്യണം. പനിയ്ക്കും ചുമയ്ക്കും ഉള്ള മരുന്നുകള്‍ പ്രൊമോട്ട് ചെയ്യണം '' മാനേജര്‍ പറഞ്ഞു '' ഞാന്‍ ഈ പറഞ്ഞതിന്‍റെ അര്‍ത്ഥം നീ മറ്റുള്ള ഡോക്ടര്‍മാരെ കാണണ്ടാ എന്നല്ലാട്ടോ ''.

രണ്ടുപേരും കൂടി ലിസ്റ്റ് പരതി. അന്ന് കാണാനുള്ള പന്ത്രണ്ടു പേരെ നിശ്ചയിച്ചു.

'' ഏടാ. ഈ ചങ്ങാതിയുടെ അച്ഛനും ഡോക്ടറല്ലേ '' ഒരു പേര് പറഞ്ഞതും വാരിയര്‍ ചോദിച്ചു.

'' അതെ. ഇപ്പോള്‍ അമേരിക്കയിലാണ് ''.

'' ഞാന്‍ മുമ്പെപ്പഴോ കണ്ടിട്ടുള്ളതാണ്. അന്ന് അച്ഛനും കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തെ എനിക്ക് നന്നായി അറിയാം '' വാരിയര്‍ സാര്‍ പറഞ്ഞു '' മകള്‍ ഭര്‍ത്താവിന്‍റെ കൂടെ അമേരിക്കയിലാണ്. അവരുടെ അടുത്തേക്ക് പോയതായിരിക്കും. ആ കുട്ടിയുടെ കല്യാണത്തിന്ന് എന്നെ വിളിച്ചിരുന്നു. നമുക്ക് ആദ്യം അയാളെ കാണാം ''.

വാതില്‍ക്കല്‍ നില്‍ക്കുന്ന ആളോട് മാനേജര്‍ സംസാരിക്കുന്നത് റഷീദ് നോക്കി നിന്നു.

'' ഡോക്ടറുടെ അടുത്ത് ഒരു പേഴ്സണല്‍ കാര്യം പറയാനുണ്ടായിരുന്നു '' അദ്ദേഹത്തിന്‍റെ മട്ടും ഭാവവും സ്വാധീനിച്ചതു കൊണ്ടാവണം '' ആള് ഇറങ്ങിയാല്‍ കേറിക്കോളൂ '' എന്ന സമ്മതം കിട്ടിയത്.

അകത്ത് കയറിയതും റഷീദിന്‍റെ കയ്യില്‍ നിന്നും സാമ്പിള്‍ വാങ്ങി മേശപ്പുറത്ത് വെച്ചു.

'' ഫാദര്‍ സ്റ്റേറ്റ്സില്‍ സിസ്റ്ററുടെ അടുത്തു തന്നെയല്ലേ '' മാനേജര്‍ അടുപ്പം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഡോക്ടര്‍ മുഖത്തേക്ക് നോക്കി.

'' അച്ഛനെ പരിചയമുണ്ടോ '' അദ്ദേഹം ചോദിച്ചു.

'' ഉവ്വ്. ധാരാളം അറിയും. സാറ് മുമ്പ് മലപ്പുറത്ത് ഉണ്ടായിരുന്നു. അവിടെ എന്‍റെ ഒരു പരിചയക്കാരന്‍റെ വീട് ഞാനാണ് വാടകയ്ക്ക് ഏര്‍പ്പാടാക്കിയത്. സിസ്റ്ററുടെ കല്യാണത്തിന്ന് മറക്കാതെ എന്നെ ക്ഷണിക്കുകയും ചെയ്തു ''.

'' അച്ഛന്‍ മലപ്പുറത്ത് ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ പഠിക്കുകയായിരുന്നു '' ഡോക്ടര്‍ ഓര്‍മ്മിച്ചു.

'' ഞാന്‍ ആ കാലത്ത് കണ്ടിട്ടുണ്ട് '' മാനേജര്‍ ആ പറഞ്ഞത് ശരിവെച്ചു.

ഡോക്ടര്‍ പ്രോഡക്റ്റ് റിമൈന്‍ഡര്‍ കാര്‍ഡിലൂടെ കണ്ണോടിച്ചു.

'' മെഡിസിനൊക്കെ ഇവിടെ അവൈലബിളാണല്ലോ '' അദ്ദേഹം ചോദിച്ചു.

'' ഉവ്വ്. ഈ പയ്യനാണ് ഞങ്ങളുടെ റെപ്രസന്‍റ്റേറ്റീവ്. അവന്‍ വന്ന് കണ്ടോളും. സഹായിക്കണം '' മാനേജര്‍ വിനയത്തോടെയാണ് പറഞ്ഞത്.

''ഷുവര്‍ '' ഡോക്ടര്‍ പറഞ്ഞു.

'' ഞങ്ങള്‍ ഇറങ്ങട്ടെ '' കൈകൂപ്പിയ ശേഷം അവര്‍ ഇറങ്ങി.

'' സാറേ, നമ്മള്‍ ഡീറ്റെയില്‍ ചെയ്തില്ലല്ലോ '' പുറത്ത് വന്നപ്പോള്‍ റഷീദ് പറഞ്ഞു.

'' നൂറ് പ്രാവശ്യം നീ ഡീറ്റെയില്‍ ചെയ്താല്‍ ഉള്ളതിനേക്കാള്‍ നമ്മളുടെ പ്രോഡ്ക്ടുകള്‍ ഇനി മുതല്‍ ആ ഡോക്ടര്‍ എഴുതിക്കോളും '' വാരിയര്‍ സാര്‍ ചിരിച്ചു.

'' അതെങ്ങിനേയാ സാറേ '' റഷീദിന്ന് സംശയമായി.

'' ഒരു മാര്‍ക്കറ്റിങ്ങ് പ്രൊഫഷനല്‍ നല്ല ഒരു ചൂണ്ടക്കാരനെപോലെയാവണം '' വാരിയര്‍ പറഞ്ഞു '' ഏതു ഇര ഇട്ടാല്‍ മീന്‍ കൊത്തും എന്ന് അറിയുന്നവനേ നല്ല മീന്‍ കിട്ടൂ ''.

ആ പറഞ്ഞതും റഷീദിന്ന് മനസ്സിലായില്ല.

******************************************************

'' എന്താടാ നിന്നെ രണ്ട് ദിവസമായി കാണാത്തത് '' ശെല്‍വന്‍ വിളിച്ചപ്പോള്‍ പ്രദീപ് ചോദിച്ചു.

'' ഞാന്‍ പറഞ്ഞില്ലേ വീട് റിപ്പയര്‍ ചെയ്യണംന്ന്. മിനിഞ്ഞാന്ന് ഒരു സൈഡ് വീണു. തല്‍ക്കാലത്തേക്ക് ഓട് ഒതുക്കി വെച്ച് ടാര്‍പ്പോളിന്‍ കെട്ടി. അതിന്‍റെ പിന്നാലെയായിരുന്നു ''.

'' അപ്പൊ നിനക്ക് അര്‍ജന്‍റായിട്ട് പൈസ വേണം അല്ലേടാ ''.

'' അതിന്ന് മുമ്പ് ഒരു കാര്യം ഉണ്ടെടാ. ഈ ആഴ്ച നൂറ് സിം കാര്‍ഡ് കൊടുക്കണം . എന്താ വേണ്ടത് എന്ന് എനിക്കറിയില്ല ''.

'' ഫ്രീ സിം ആണോടാ ''.

'' അതെ ''.

'' എന്നാല്‍ പേടിക്കണ്ടാ. വഴീണ്ട് ''.

'' നീ വിചാരിക്കുന്നത് പോലെ അത്ര എളുപ്പം അല്ലാട്ടോ. വെറുതെ കൊടുക്കാം എന്ന് പറഞ്ഞാലും ആര്‍ക്കും വേണ്ടാ ''.

ആറേഴ് കൊല്ലം മുമ്പ് പണം കൊടുത്താലും സിം കാര്‍ഡ് കിട്ടാന്‍ പാടായിരുന്നു. ഒന്നുകില്‍ കൂടുതല്‍ പണം കൊടുത്ത് ബ്ലാക്കില്‍ എടുക്കണം, അല്ലെങ്കിലോ വലിയ ആരെങ്കിലും റെക്കമെന്‍ഡ് ചെയ്യണം. കൂണു പോലെ മൊബൈല്‍ കമ്പിനികള്‍ വന്നതോടെ ആ സ്ഥിതി മാറി. ഇപ്പോള്‍ ഏറ്റവും എളുപ്പം കിട്ടാവുന്ന ഒരേയൊരു സാധനം സിം കാര്‍ഡാണ്.

'' നീ സിം കാര്‍ഡ് കൊണ്ടു വാ. നൂറ് ആളുകളുടെ ഐ. ഡി. പ്രൂഫ് ഞാന്‍ തരാം '' പ്രദീപ് പറഞ്ഞു.

'' അപ്പോള്‍ ഒപ്പോ ''.

'' നമുക്ക് ഇടത്തെ കയ്യോണ്ടും വലത്തെ കയ്യോണ്ടും മാറി മാറി ഒപ്പിടാം '' പ്രദീപ് ചിരിച്ചു

'' സമാധാനം ആയി '' ശെല്‍വന്‍റെ വാക്കുകളില്‍ അത് നിഴലിച്ചിരുന്നു.


5 comments:

 1. ടാര്‍ഗറ്റ് തികയ്ക്കുക എന്നത് എത്ര ടെന്‍ഷന്‍ പിടിച്ച് പണിയാണെന്ന് മനസ്സിലാകുന്നുണ്ട്. നമുക്കൊന്നും ടാര്‍ഗറ്റ് ഇല്ലാത്തതുകൊണ്ട് ഒന്നുമറിയേണ്ട.

  ReplyDelete
 2. അജിത് സർ പറഞ്ഞപോലെ ത്തന്നെ ടാർഗറ്റ് ഒന്നും വലുതായിട്ടില്ലാത്തതുകൊണ്ട് ടെൻഷനില്ല.....

  ReplyDelete
 3. ഒന്ന് : മാർക്കറ്റിങ്ങ് തന്ത്രം - നല്ല ചൂണ്ടക്കാരനറിയണം ഏത് ഇരയിട്ടാലാണ് മീൻ കൊത്തുക എന്ന്.
  രണ്ട് : തെറ്റായ ഐഡി പ്രൂഫ് സംഘടിപ്പിച്ച് എടുക്കുന്ന കണക്ഷൻ ഏതെങ്കിലും തീവ്രവാദിയുടെ കയ്യിലെങ്ങാനും എത്തിയാലുള്ള അവസ്ഥ - ഈശ്വരാ...

  ReplyDelete
 4. ajith,
  ടാര്‍ജറ്റ് ഓര്‍ത്ത് ഒരു ദിവസം പോലും മനസ്സമാധാനം കിട്ടാത്തവരാണ് മാര്‍ക്കെറ്റിങ്ങ് എക്സിക്യുട്ടീവുകള്‍.

  ponmalakkaaran / പൊന്മളക്കാരന്‍ ,
  അത് ഒരു ഭാഗ്യം തന്നെയാണ്.

  രാജഗോപാല്‍,
  അത് തന്നെയാണ് തിയറി.
  എത്ര ലാഘവത്തോടെയാണ് ഇന്നത്തെ തലമുറ ഇതെല്ലാം
  കൈകാര്യം ചെയ്യുന്നത്.

  ReplyDelete
 5. നീ സിം കാര്‍ഡ് കൊണ്ടു വാ. നൂറ് ആളുകളുടെ ഐ. ഡി. പ്രൂഫ് ഞാന്‍ തരാം '' പ്രദീപ് പറഞ്ഞു.

  '' അപ്പോള്‍ ഒപ്പോ ''.

  '' നമുക്ക് ഇടത്തെ കയ്യോണ്ടും വലത്തെ കയ്യോണ്ടും മാറി മാറി ഒപ്പിടാം '' പ്രദീപ് ചിരിച്ചു


  eeshwara.. ee kuttikal...

  ReplyDelete