Monday, May 14, 2012

നോവല്‍ - അദ്ധ്യായം - 43.

'' എന്താ ഇതിന്‍റെയൊക്കെ അര്‍ത്ഥം '' രവീന്ദ്രന്‍ പോയ്ക്കഴിഞ്ഞതും അനിരുദ്ധന്‍ ഭാര്യയോട് ചോദിച്ചു.


'' ഏതിന്‍റെ. അനിയേട്ടന്‍ ഉദ്ദേശിച്ചത് എന്താന്ന് പറയൂ ''.


'' ഫര്‍മസ്യൂട്ടിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ തുടങ്ങുന്ന കാര്യം തന്നെ ''.


'' അതോ. ഇന്നലെ അച്ഛന്‍ വന്നപ്പോള്‍ പുതിയൊരു പ്ലാനിട്ടു എന്ന് ഞാന്‍ പറഞ്ഞില്ലേ. അതാണ്. മുഴുവന്‍ കേള്‍ക്കുന്നതിന്ന് മുമ്പ് എണീറ്റ് പോയതോണ്ടാ പറയാന്‍ പറ്റാഞ്ഞത് ''.


''അത് മനസ്സിലായി. എന്തിനാ ഇതൊക്കെ ചെയ്യുന്നത് എന്നാണ് എനിക്ക് അറിയാത്തത് ''.


'' കാര്യൂണ്ട്. വീട്ടിലെ കാര്യങ്ങളുടെ പോക്ക് അത്ര ശരിയായ വഴിക്കല്ല എന്ന് അച്ഛന് ഒരു തോന്നല്‍. അതോണ്ട് മുന്‍കൂട്ടി ഓരോന്ന് ചെയ്യാണ് ''.


'' മനസ്സിലാവുന്ന മട്ടില്‍ പറയൂ ''.


'' എന്നാല്‍ കേട്ടോളൂ. അല്‍പ്പം ക്ഷമയോടെ ഇരിക്കണംട്ടോ '' എന്ന മുഖവുരയോടെ രാധിക ആരംഭിച്ചു. വലിയേട്ടന്‍ എന്തെങ്കിലും ഏടാകൂടത്തില്‍ ചെന്ന് ചാടുംന്ന് അച്ഛന് ഒരു പേടി. കൂടെയുള്ള ചങ്ങാതിമാരുടെ കൂട്ടം കേട്ടിട്ട് ഇപ്പോ ഒരു സിനിമ പിടിക്കണം എന്നും പറഞ്ഞ് ഇറങ്ങിയിരിക്കുകയാണത്രേ. അത് അച്ഛനോട് നേരിട്ട് പറയാനൊട്ട് ധൈര്യവും ഇല്ല. മൂപ്പര്‍ ആ മോഹം ഏടത്തിയമ്മയുടെ അടുത്ത് പറഞ്ഞ് അവരില്‍ നിന്ന് അമ്മ അറിഞ്ഞ് അച്ഛന്‍റെ ചെവിയിലെത്തിയതാണ്. ഒന്നാന്തരം ഒരു കഥ ഏട്ടന്‍റെ മനസ്സിലുണ്ടത്രേ. അത് വെച്ച് ഒരു പടം എടുത്താല്‍ സൂപ്പര്‍ ആവും ഇഷ്ടം പോലെ കാശ് വാരിക്കൂട്ടാം എന്നൊക്കെയാണ് ഏട്ടന്‍റെ പറച്ചില്.


അനിരുദ്ധന്ന് ചിരി വന്നു. അളിയന് ഓരോരിക്കല്‍ ഓരോ തോന്നലാണ്. നല്ലൊരു മ്യൂസിക്ക് ട്രൂപ്പ് ഉണ്ടാക്കണം എന്നായിരുന്നു ഇതിനു മുമ്പ് ഉണ്ടായിരുന്ന മോഹം. നാട്ടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് നടത്തി കുറെ പണം കളഞ്ഞ ചരിത്രവുമുണ്ട്.


'' എന്നിട്ട് അച്ഛന്‍ സമ്മതിച്ചോ ? ''.


'' നല്ല കഥയായി. സിനിമയല്ല എന്ത് തേങ്ങാക്കുല വേണെങ്കിലും ആയിക്കോട്ടെ, പക്ഷെ മുടക്കിയ പണം തിരിച്ചു കിട്ടും എന്ന് ഉറപ്പുള്ള ഏര്‍പ്പാടിനല്ലാതെ ഒന്നിനും പണം മുടക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. അച്ഛന്‍ ആരാ ആള് ? കൈവിട്ട കളിക്കൊന്നും മൂപ്പരെ കിട്ടില്ല ''.


'' അതു ശരി. പക്ഷെ അതും ഇതും തമ്മില്‍ എന്താ ബന്ധം ''.


'' ബന്ധൂണ്ട്. അച്ഛന്‍ പാര്‍ട്ടീഷന്‍ നടത്താന്‍ പോവ്വാണ്. ജ്വല്ലറിയും, തുണിഷോപ്പും ഇപ്പഴേ എന്‍റെ പേരിലാണ്. ഈ വീടും തറവാടും നാട്ടിലെ ലൈന്‍ ബില്‍ഡിങ്ങും എനിക്ക്. ബാങ്കിന് വാടകയ്ക്ക് കൊടുത്ത കെട്ടിടം കൂടി എനിക്ക് തരും ''.


അനിരുദ്ധന്‍ ഒന്നും പറഞ്ഞില്ല. അയാള്‍ ഭാര്യ പറയുന്നതും കേട്ടിരുന്നു.


'' ബസ്സുകള്‍ക്ക് എന്‍റെ പേരാണെങ്കിലും അവയുടെ ആര്‍. സി. അച്ഛന്‍റെ പേരിലാണ്. വല്ല തട്ടോ മുട്ടോ ഉണ്ടായി കേസ്സായാല്‍ എനിക്ക് ബുദ്ധിമുട്ട് ആവരുത് എന്ന് വെച്ചിട്ട് അന്ന് അങ്ങിനെ ചെയ്തതാണ്. അതൊക്കെ എന്താ ചെയ്യണ്ട് എന്ന് നിശ്ചയിച്ചിട്ടില്ല ''. രാധിക തുടര്‍ന്നു.


'' സാമില്ലും, പേട്ട നില്‍ക്കുന്ന സ്ഥലവും രണ്ട് റബ്ബര്‍ എസ്റ്റേറ്റുകളും വലിയേട്ടന്. പുതുതായി ഒരു വീടും ഉണ്ടാക്കി കൊടുക്കും. പക്ഷെ വസ്തുക്കള്‍ മക്കളുടെ പേരിലാണ് എഴുതി വെക്കുക. അവര് മേജറാവാതെ ഏട്ടന് ഒരു സാധനൂം വില്‍ക്കാന്‍ പറ്റില്ല ''.


'' അയാള് കളഞ്ഞു കുളിക്കാതിരിക്കാനുള്ള പണി അല്ലേ ''.


'' പിന്നല്ലാതെ. ചെറിയേട്ടന് അബ്കാരി ബിസിനസ്സും ഫിനാന്‍സ് കമ്പിനിയും ടൌണില്‍ ഒരു വീടും. കൃഷി മതി, എസ്റ്റേറ്റ് വേണ്ടാ എന്ന് മൂപ്പര് പറഞ്ഞിരിക്കുന്നു. ഓവര്‍ ബ്രിഡ്ജ്ജ് വരുമ്പോള്‍ അപ്പ്രോച്ച് റോഡ് ആ സ്ഥലത്തിന്‍റെ അടുത്ത് കൂടിയാണ് വരിക. പിന്നെ ആ ഭൂമിക്ക് പറഞ്ഞ വില കിട്ടും. ആ കണക്കുകൂട്ടലിലാ ഏട്ടന്‍ ''.


'' ഞാന്‍ ചോദിച്ചതിനല്ലല്ലോ മറുപടി പറഞ്ഞത് ''.


'' പറയാന്നേ, പുതുതായി വാങ്ങുന്ന കെട്ടിടം അനിയേട്ടന്‍റെ പേരിലാണ്. പക്ഷെ ഡിസ്ട്രിബ്യൂഷന്‍ തുടങ്ങുന്നത് നമ്മള് രണ്ടാളുടേയും കൂടി പേരിലാവും. ടാക്സ് ലാഭം
കിട്ടാനാണത്രേ ''.


'' എന്തിനാ എന്‍റെ പേരില് തുടങ്ങുന്നത് എന്നാ ചോദിച്ചത്. ഞാന്‍ വല്ലതും ആവശ്യപ്പെട്ടിട്ടുണ്ടോ ''.


'' ഇല്ല. അതന്നെ കാരണം ''.


'' എന്നുവെച്ചാല്‍ ''.


'' അച്ഛന്‍ എന്താ പറഞ്ഞത് എന്ന് അറിയ്യോ. ഉള്ള ദിക്കിലെ പെണ്‍കുട്ടിയെ കെട്ടുന്നവന്‍ കഴുത്തില് താലി കെട്ടിയ നിമിഷം മുതല്‍ കിട്ടാവുന്നതൊക്കെ ചുരണ്ടി സ്വന്തം വീട്ടിലേക്ക് കടത്താന്‍ നോക്കും. എന്‍റെ മരുമകന്‍ തീരെ പാവം ആണ്. ഇന്നേവരെ ഒറ്റ പൈസ എന്‍റടുത്ത് ചോദിച്ചിട്ടില്ല. മനസ്സറിഞ്ഞ് അവന് എന്തെങ്കിലും കൊടുത്തില്ലെങ്കില്‍ പിന്നീട് മനസ്സാക്ഷിക്കുത്ത് ഉണ്ടാവും എന്നാണ് ''.


അനിരുദ്ധന്‍ മനസ്സില്‍ ചില കൂട്ടിക്കിഴിക്കലുകള്‍ നടത്തി. വിലയ്ക്ക് വാങ്ങിയ ഒരു അടിമയായിട്ടല്ല തന്നെ കാണുന്നത് എന്നതില്‍ അയാള്‍ ആശ്വസിച്ചു. എന്നാലും വേണ്ടപ്പെട്ടവരെ തികച്ചും അന്യരായിട്ടാണ് രാധികയും വീട്ടുകാരും കണക്കാക്കുന്നത് എന്ന ദുഃഖം അവശേഷിക്കുന്നു.


'' എന്താ അനിയേട്ടന്‍ ആലോചിക്കുന്നത് '' രാധികയുടെ സ്വരം അയാളെ ചിന്തകളില്‍ നിന്ന് അകറ്റി '' വീതം വെച്ചത് പോരാന്ന് തോന്നുന്നുണ്ടോ ? ഇനി എന്തെങ്കിലും വേണോ ''.


'' വേണം '' അയാള്‍ അറിയാതെ പറഞ്ഞു.


'' എന്താ വേണ്ടത്ച്ചാല്‍ പറയൂ. കിട്ടുമ്പോഴേ കിട്ടുള്ളു ''.


'' ഈ സ്വത്തൊന്നും ഞാന്‍ മോഹിച്ചിട്ടേയില്ല. ഇതൊന്നും കിട്ടിയില്ലെങ്കിലും രാധികയെ എനിക്ക് ജീവനാണ്. പക്ഷെ എനിക്ക് ഒരു മോഹം ഉണ്ട്, ഒരു അപേക്ഷയാണെന്ന് കരുതിക്കോളൂ '' അയാള്‍ പറഞ്ഞു ''എനിക്ക് വയസ്സായ അമ്മയുണ്ട്, കൂടപ്പിറപ്പുകളും, വേണ്ടപ്പെട്ടവരുമുണ്ട്. രാധിക അവരെ അന്യരായി കാണരുത്. എനിക്ക് അതു മാത്രം മതി ''.


ആ വാക്കുകള്‍ രാധികയുടെ മനസ്സിനെ സ്പര്‍ശിച്ചു. പാവം അനിയേട്ടന്‍. ആരേയും അറിയിക്കാതെ ഇങ്ങിനെയൊരു ദുഃഖം ഇത്ര കാലം ആ മനസ്സില്‍ കൊണ്ടു നടക്കുകയായിരുന്നു. അറിഞ്ഞുകൊണ്ട് അദ്ദേഹത്തിന്‍റെ ബന്ധുക്കളെ ഒരിക്കലും അവഗണിച്ചിട്ടില്ല. എന്തുകൊണ്ടോ അവരോട് അടുക്കാന്‍ കഴിഞ്ഞില്ല. വളര്‍ന്ന ചുറ്റുപാടില്‍ നിന്ന് ഏറെ വ്യത്യസ്തമായ കുടുംബാന്തരീക്ഷമായതിനാലാവാം അങ്ങിനെ സംഭവിച്ചത്.


'' എനിക്ക് ഈ മനസ്സ് കാണാന്‍ കഴിഞ്ഞില്ല. ഇതേവരെ എന്നോടൊട്ടു പറഞ്ഞതുമില്ല '' രാധികയുടെ ശബ്ദം ഇടറി '' അനിയേട്ടന്‍റെ സന്തോഷമാണ് എനിക്ക് വലുത്. എന്‍റെ ഭാഗത്തു നിന്ന് അങ്ങിനെ ഒരു വീഴ്ച ഇനി ഉണ്ടാവില്ല '' അവള്‍ അയാളുടെ തോളില്‍ തല ചായ്ച്ചു.
+++++++++++++++++++

കൂട്ടുകാരനോടൊപ്പം വടക്കന്തറക്കാവില്‍ തൊഴുത് പുറത്തേക്ക് വരുമ്പോഴാണ് ഗോപാലകൃഷ്ണന്‍ നായര്‍ രവീന്ദ്രനെ കാണുന്നത്.


'' എടോ, തന്നെ കണ്ടിട്ട് കുറെ ആയല്ലോ. എന്തൊക്കെയുണ്ട് വിശേഷം '' അയാള്‍ ചോദിച്ചു.


'' ഇങ്ങിനെ പോവുന്നു '' രവീന്ദ്രന്‍ ചിരിച്ചു.


'' മുമ്പത്തെ കമ്പിനീല്‍ തന്ന്യാണോ ഇപ്പഴും ''.


'' അതിന്ന് വിട്ടു. വേറെ നോക്കിക്കൊണ്ട് ഇരിക്ക്യാണ് ''.


'' എന്നും അലച്ചിലുള്ള പണിയാണ് നിങ്ങളുടേത്. ഒരു പ്രായം കഴിഞ്ഞാല്‍ അത് പറ്റാണ്ടാവും. എവിടെയെങ്കിലും സ്വസ്ഥമായി ഇരുന്ന് ചെയ്യാന്‍ പറ്റുന്ന ഒരു പണി നോക്ക് ''.


രവീന്ദ്രന് ഒരു പിടിവള്ളി കിട്ടിയതുപോലെയായി. ജോലി പോയ കാര്യം പറയാതെ കഴിഞ്ഞു. '' ആലോചിക്കായ്കയല്ല. ഇപ്പോഴാണ് അങ്ങിനെ ഒന്ന് ഒത്തു വന്നത് '' അയാള്‍ പറഞ്ഞു.


'' അത് നന്നായി. എന്താ ഏര്‍പ്പാട് ''.


'' ഒരു മെഡിക്കല്‍ ഡിസ്ട്രിബ്യൂഷനില്‍ മാനേജരായിട്ടാണ് ''.


'' കഴിഞ്ഞു കൂടാനുള്ള വക അവിടെ നിന്ന് കിട്ട്വോ ''.


'' ആ കാര്യം ഒന്നും സംസാരിച്ചിട്ടില്ല ''.


'' അതല്ലേടോ ആദ്യം ചോദിച്ചറിയേണ്ടത് ''.


'' എന്നെപ്പോലത്തെ ഒരു മെഡിക്കല്‍ കമ്പിനി മാനേജരുടെയാണ് സ്ഥാപനം. അയാള്‍ക്കുവേണ്ടി അമ്മായിയച്ഛന്‍ തുടങ്ങുന്നതാണെന്നാ തോന്നുന്നത്. സത്യം പറഞ്ഞാല്‍ അയാളെ കണ്ടിട്ട് വരുന്ന വഴിയാണ് ''.


'' അത് കൊള്ളാലോ. ആരാ ആള്‍ക്കാര് ''.


'' പുള്ളിടെ പേര് അനിരുദ്ധന്‍. ചിലപ്പോള്‍ അയാളുടെ അമ്മായിയച്ഛനെക്കുറിച്ച് കേട്ടിട്ടുണ്ടാവും. ഒരുപാട് ബിസിനസ്സ് സ്ഥാപനങ്ങള്‍ ഉള്ള ആളാണ്. പേര് ശിവശങ്കര മേനോന്‍ ''.


'' അത് ശരി, ഇത്ര കാലം സമ്പാദിച്ചു കൂട്ടിയതൊന്നും പോരാഞ്ഞിട്ടാണോ ആ ചങ്ങാതി പുതിയ പരിപാടിക്ക് ഇറങ്ങുന്നത് ''.


'' സാറിന് ആളെ പരിചയം ഉണ്ടോ ''.


'' ഉണ്ടോന്നോ, ധാരാളം ഉണ്ട് . അതും ഇന്നും ഇന്നലേയും തുടങ്ങിയ അടുപ്പം ഒന്ന്വോല്ല. പത്ത് നാല്‍പ്പത് കൊല്ലായിട്ട് അറിയുന്ന ആളാണ് ''.


'' സാറ് ദിവസൂം തൊഴാന്‍ വരാറുണ്ടോ '' രവി വിഷയം മാറ്റി.


'' അങ്ങിനെയൊന്നൂല്യാ. കുറച്ചായിട്ട് ഭാര്യ കിടപ്പിലാണ്. അതിനു ശേഷം ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വന്ന് തൊഴുത് പ്രസാദം വാങ്ങിപ്പോവും ''.


'' എന്നാല്‍ ഞാന്‍ ചെന്ന് തൊഴുതോട്ടെ '' രവീന്ദ്രന്‍ അകത്തേക്ക് പോയി.


'' നമുക്ക് ഓട്ടോവില്‍ പോണോ, അതോ നടക്കണോ '' ഗോപാലകൃഷ്ണന്‍ കൂട്ടുകാരനോട് ചോദിച്ചു. ബൈക്ക് റിപ്പയര്‍ ചെയ്യാന്‍ കൊടുത്തിട്ട് കിട്ടിയിട്ടില്ല.


'' എന്നെക്കൊണ്ട് വയ്യ ഓട്ടോവില്‍ കയറാന്‍ ''.


'' തനിക്ക് പഴയ പേടി വിടാത്തതോണ്ടാണ്. എന്നാല്‍ നടക്കാം. ഒരു കഥ പറയും ചെയ്യാം ''.


'' കഥയോ, എന്ത് കഥ ''.


'' നമ്മള് ഇപ്പോള്‍ കണ്ട പയ്യനില്ലേ, രവീന്ദ്രന്‍, അയാളുടെ അച്ഛന്‍ ഫോറസ്റ്റ് ഗാര്‍ഡായിരുന്നു. എന്‍റെ കൂടെ ജോലി ചെയ്തിട്ടുണ്ട്. അങ്ങിനെയുള്ള അടുപ്പം ആണ് ''.


'' എന്താ അയാളുടെ കഥ ''.


'' ആ വിദ്വാന്‍റെ കാര്യം അല്ല പറയാനുള്ളത്. അയാള് പറഞ്ഞ ബിസിനസ്സ് മാഗ്നറ്റിന്‍റെ കഥയാണ് ''.


'' എന്താദ് ''.


'' പണ്ടേയ്ക്ക് പണ്ടേ സ്വത്തുള്ള കുടുംബത്തിലെ അംഗമാണ് അയാള്‍. ആനയൊക്കെ ഉണ്ടായിരുന്ന തറവാടായിരുന്നു. നാട്ടില് ഒരു സോമില്ല് അവര്‍ക്കുണ്ട്. കൂപ്പ് ലേലത്തിനും വരാറുണ്ട്. അങ്ങിനെ പരിചയപ്പെട്ടതാണ്. പിന്നീടെപ്പോഴോ അബ്കാരി ഫീല്‍ഡിലേക്ക് കടന്നു. അതോടെ ഒരു കുതിച്ചു കയറ്റം ആണ് ഉണ്ടായത്. സമ്പാദിച്ച് കൂട്ടിയതിന് കണക്കില്ല. ഇന്ന് അയാള്‍ക്ക് എത്ര സ്വത്തുണ്ട് എന്ന് അയാള്‍ക്കന്നെ അറിയില്ല ''.


'' എന്നിട്ടെന്താ മകളെ ഡോക്ടര്‍ക്കോ, എഞ്ചിനീയര്‍ക്കോ, വലിയ ഉദ്യോഗസ്ഥന്മാര്‍ക്കോ കല്യാണം കഴിച്ചു കൊടുക്കാഞ്ഞത് ''.


'' അതല്ലേ രസം. സ്വത്തുണ്ട് എന്നേയുള്ളു. പെണ്‍കുട്ടി കാണാന്‍ തീരെ പോരാ. അടുപ്പത്തു വെച്ച് കരി പിടിച്ച അലുമിനിയം പാത്രത്തിന്‍റെ നിറം. മുഖലക്ഷണം ഒട്ടും ഇല്ല. കല്യാണ ബ്രോക്കര്‍ രാമനെഴുത്തശ്ശന്‍റെ കയ്യില്‍ പെണ്ണിന്‍റെ തലക്കുറി കൊടുത്ത് പറ്റിയ കേസ്സ് കണ്ടെത്താന്‍ ഏല്‍പ്പിച്ചിരുന്നു. ചെക്കനും കല്യാണം നോക്കുന്ന സമയം. പലതും നോക്കിയ കൂട്ടതില്‍ ഈ രണ്ട് ജാതകൂം അയാള്‍ നോക്കിച്ചു. നല്ല ചേര്‍ച്ച കണ്ടപ്പോള്‍ ചെക്കനെ പെണ്ണ് കാണാന്‍ കൂട്ടീട്ട് പോയി. എന്തോ ഭാഗ്യത്തിന്പെണ്ണിന്‍റെ അച്ഛന്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അയാള്‍ പെണ്ണിനെ കാണിക്കാതെ മടക്കി അയച്ചേനെ ''.


'' അതെന്താ അങ്ങിനെ ''.


'' എടോ, ശിവശങ്കരന്‍ നായരുടെ യോഗ്യതയ്ക്ക് കോല്‍ക്കാരന്‍ ഗോവിന്ദന്‍ നായരുടെ മകന്‍ എങ്ങിന്യാ യോജിക്ക്യാ ''.


'' പിന്നെന്താ അയാളെ എടുത്തത് ''.


'' അതാ യോഗം എന്ന് പറയുന്നത്. ചെക്കന്‍ കാണാന്‍ പരമ യോഗ്യന്‍. അതി സുന്ദരന്‍ എന്നന്നെ പറയണം. ബ്രോക്കറല്ലേ ആള്, കുറച്ചെന്തെങ്കിലും കൂട്ടി പറഞ്ഞിട്ടുണ്ടാവും. ചുരുക്കി പറഞ്ഞാല്‍ പെണ്ണിന് ചെക്കനെ ക്ഷ പിടിച്ചു. എനിക്ക് ഇതന്നെ മതീന്ന് ഒറ്റ വാശി. അയാള്‍ക്കാണെങ്കില്‍ മകള്‍ പറഞ്ഞതിനപ്പുറം ഒന്നൂല്യാ. അങ്ങിനെ നടന്ന കല്യാണം ആണ്. കഴിഞ്ഞിട്ട് ഇപ്പൊ രണ്ടോ, മൂന്നോ കൊല്ലം ആവുംന്ന് തോന്നുന്നു. ഞാനും കല്യാണത്തിന് പോയിരുന്നു ''.


''ഓരോരുത്തരുടെ തലയില്‍ ഭഗവാന്‍ ഓരോ വിധത്തില്‍ വരച്ചിട്ടുണ്ടാവും. അല്ലാണ്ടെന്താ ''.


'' പക്ഷെ ഒരു കാര്യൂണ്ട്. നല്ല സ്വഭാവ ഗുണം ഉള്ള പയ്യനാണ്. ഒരു വിധത്തിലുള്ള ചീത്തത്തൂം ഇല്ല. പിന്നെ അവന്‍റെ കുടുംബത്തിന്‍റെ സര്‍വ്വ സംരക്ഷണൂം അയാള് അറിഞ്ഞ് ചെയ്യുന്നുണ്ട് ''.


'' ആരോ നന്നാവട്ടെ ''.


ഗെയിറ്റ് തുറന്ന് അവര്‍ മുറ്റത്തേക്ക് കയറി.

3 comments:

 1. അനിരുദ്ധന്റെ ഭാര്യാപിതാവിന്റെ മനസ്സിലും ഉണ്ട് നന്മയുടെ ഒരു ഉറവ്. ഭർത്താവിന്റെ വീട്ടുകാരോടുള്ള പെരുമാറ്റം ശരിയല്ലെന്ന തിരിച്ചറിവ് രാധികക്കും ഉണ്ടാവുന്നുണ്ട്.

  ReplyDelete
 2. എല്ലാവരുടെ മനസ്സിലും നന്മയും തിന്മയും ഉണ്ട്. അളവില്‍ മാത്രമേ ഏറ്റക്കുറച്ചില്‍ 
  ഉണ്ടാവൂ.

  ReplyDelete
 3. എന്‍റെ ഭാഗത്തു നിന്ന് അങ്ങിനെ ഒരു വീഴ്ച ഇനി ഉണ്ടാവില്ല '' അവള്‍ അയാളുടെ തോളില്‍ തല ചായ്ച്ചു.

  ഹാവൂ സമാധാനമായി..

  ReplyDelete