Sunday, October 9, 2011

നോവല്‍ - അദ്ധ്യായം - 22.

'' തമ്പുരാട്ട്യേ '' എന്ന വിളി കേട്ട് ഇന്ദിര വെളിയില്‍ വന്നപ്പോള്‍ കണ്ടത് പാറുവിനെയാണ്.

'' പണി കഴിഞ്ഞ് പോയപ്പിന്നെ നിന്നെ ഈ വഴിക്ക് കണ്ടതേ ഇല്ലല്ലോ '' അവര്‍ പറഞ്ഞു.

'' ഞാന്‍ മകളുടെ വീട്ടില് പോയിരുന്നു. നടീലും പണിയും തുടങ്ങിയാല്‍ പിന്നെ പോവാന്‍ ഒഴിവ് കിട്ടില്ലല്ലോ. ചെന്നപ്പൊ പത്ത് ദിവസം അവളുടെ അടുത്ത് കൂടി ''.

'' അത് നന്നായി. നിനക്ക് ചെന്ന് നില്‍ക്കാന്‍ അങ്ങിനെ ഒരു ഇടം എങ്കിലും ഉണ്ടല്ലോ. ഞങ്ങളുടെ കാര്യം നോക്ക്. അച്ഛന്‍ , അമ്മ , രണ്ടു മക്കള്‍. എന്‍റേന്ന് പറയാന്‍ ഒരാളും ഇല്ല ''.

'' ഇല്ലാഞ്ഞിട്ടല്ലല്ലോ തമ്പുരാട്ട്യേ. കൂടപ്പിറപ്പാണ് എന്ന് അവര്‍ക്ക് തോന്നാഞ്ഞിട്ടല്ലേ '' പാറു ഉള്ള കാര്യം പറഞ്ഞു.

'' എങ്ങിനെയായാലും ഫലത്തില്‍ ഒന്നന്നെ '' ഇന്ദിര നെടുവീര്‍പ്പിട്ടു.

'' ആശാരിപ്പണി തീര്‍ന്നോ, തമ്പുരാട്ട്യേ '' പാറു വിഷയം മാറ്റി.

'' എങ്ങിനേയാ തീരുണത്. ഒരു ദിവസം വന്നാല്‍ പിന്നെ നാല് ദിവസം വരില്ല. ജനലുകളുടെ പണി തീര്‍ന്നു. പെണ്‍കുട്ടി കിടക്കുന്ന മുറിടെ വാതിലും വെച്ചു. തിങ്കളാഴ്ച വരാന്ന് പറഞ്ഞു പോയതാ. പിന്നെ കണ്ടിട്ടില്ല ''.

'' വേറെ എവിടെയെങ്കിലും പണി പിടിച്ചിട്ടുണ്ടാകും. ഇവിടെ വാതില് വെക്കുന്ന പണിയല്ലേ ഉള്ളൂ. ഏറിയാല്‍ പത്തിരുപത് ദിവസത്തെ പണി. അതിന് തിരക്ക് കൂട്ടില്ല എന്ന് കരുതീട്ടായിരിക്കും ''.

'' എല്ലാ വാതിലൊന്നും വെക്കിണില്ല. ആകെ രണ്ടണ്ണേ വെക്കുണുള്ളു. ഒന്ന് ഞങ്ങടെ മുറീലിക്ക്. പിന്നൊന്ന് അടുക്കളക്കും. ഇപ്പൊ അത്രയ്ക്കൊക്കേ ആവൂ '' ഇന്ദിര പറഞ്ഞു '' നിന്‍റെ മകള്‍ക്കും കുട്ട്യേളക്കും ഒക്കെ സുഖോല്ലേ ''.

'' ദൈവം സഹായിച്ചിട്ട് ഒരു മട്ടിലങ്ങിനെ പോണൂ. ഒരു സമാധാനം എന്താച്ചാല്‍ മരുമകന്‍റെ അപ്പനും അമ്മയും നല്ല കൂട്ടക്കാരാണ്. പെറ്റ മകളെപ്പോലെയാണ് അവര് അവളെ നോക്കുന്നത് ''.

'' അതല്ലേ വേണ്ടത്. കുറെ കെട്ടി കൊടുത്തിട്ട് കാര്യോന്നൂല്യാ. സ്നേഹം ഉണ്ടാവണം. അതിലും വലുതായിട്ട് ഒന്നൂല്യാ ''.

'' അത് നല്ലോണൂണ്ട്. എന്തിനാ നിങ്ങള് ഒറ്റയ്ക്ക് കിടന്ന് കഷ്ടപ്പെടുണത്, ഇങ്ങോട്ട് പോന്നോളിന്‍ എന്ന് എപ്പഴും എന്നോട് പറയും. ആവുന്നതും അതൊന്നും കൂടാണ്ടെ കഴിക്കണംന്നുണ്ട്. മകളുടെ കെട്ട്യോന്‍റെ വീട്ടിലാണ് പാര്‍ക്കണത് എന്ന് ആര് കേട്ടാലും മോശക്കേടായി എന്ന് പറയില്ലേ. നമ്മടെ ഉള്ള വില നമ്മളായിട്ട് കളയണോ ''.

'' അതൊക്കെ ഓരോരുത്തരുടെ ഇഷ്ടോല്ലേ. നീ പത്ത് ദിവസം വയ്യാണ്ടായി കിടന്നാല്‍ പറയുന്നോര് വന്ന് നോക്ക്വോ. അപ്പൊ അവരൊക്കെന്ന്യേ ഉണ്ടാവൂ. വെറുതേല്ല മനുഷ്യന് ബന്ധുബലം, മരത്തിന് വേര് ബലം എന്ന് പറയിണത് ''.

'' അങ്ങിനെ പറയിന്‍ '' പാറു പറഞ്ഞു '' നല്ലൊരു ബന്ധത്തിന്‍റെ കാര്യം പറയാനാ ഞാന്‍ വന്നത് ''.

'' എന്താ നീ പറഞ്ഞോണ്ട് വരുന്നത് '' ഇന്ദിരയുടെ വാക്കുകളില്‍ ആകാംക്ഷ തുടിച്ചു നിന്നു.

'' മകളുടെ കെട്ട്യോന്‍റെ നാട്ടിന്നാണ്. കേട്ടാല് തമ്പുരാട്ടി വേണ്ടാന്ന് പറയില്ല '' പാറു പറഞ്ഞു '' നല്ല ഒന്നാന്തരം കുടുംബക്കാര്. ഇട്ടു മൂടാനുള്ള സ്വത്തും മുതലും ഉണ്ട്. ഒരേ ഒരു കുട്ടി. എന്തോണ്ടും ചേരും ''.

വിവാഹാലോചനയുമായിട്ടാണ് പാറു വന്നത് എന്ന് ഇന്ദിരയ്ക്ക് മനസ്സിലായി. എപ്പോഴായാലും വേണ്ടതാണ്. പക്ഷെ കുട്ടിക്ക് അതിന് മാത്രം പ്രായം ആയിട്ടില്ലല്ലോ. പോരാത്തതിന്ന് അവളുടെ പഠിപ്പ് എവിടേയും എത്തിയിട്ടില്ല. ഒക്കെ പോട്ടേന്ന് വിചാരിച്ചാലും കല്യാണം നടത്താന്‍ പറ്റിയ ചുറ്റുപാടല്ല ഇപ്പോഴുള്ളത്.

'' എന്താ തമ്പുരാട്ടി ഒന്നും പറയാത്തത് '' പാറു ചോദിച്ചു.

'' ഞങ്ങളുടെ അവസ്ഥ നിനക്കറിയിണതല്ലേ '' ഇന്ദിര ചോദിച്ചു '' കല്യാണം നടത്തി കൊടുക്കാന്‍ ഞങ്ങടേല് വല്ലതും വേണ്ടേ ''.

'' അതൊന്നും ആലോചിച്ച് വെഷമിക്കണ്ടാ. ശരീന്ന് ഒരു വാക്ക് പറഞ്ഞാല്‍ മതി. ബാക്കിയൊക്കെ അവര് നടത്തിക്കോളും ''.

'' എന്നാലും ഒരു പെണ്‍കുട്ടിയെ ഒരുത്തന്‍റേല് പിടിച്ചു കൊടുക്കുമ്പോള്‍ അതിന്‍റെ കയ്യും കാലും മുടക്കണ്ടേ. അതിന് മീന്‍ചെളുക്കടെ സ്വര്‍ണ്ണം ഈ വീട്ടിലില്ല ''.

'' അതിന് പെണ്‍കുട്ടിക്കല്ലാ ആലോചന ''.

'' പിന്നെ ''.

'' മകന് '' പാറു പറഞ്ഞു '' മരുമകന്‍റെ അമ്മ മുമ്പ് പെണ്‍കുട്ടിടെ വീട്ടില്പണിക്ക് നിന്നതാണ്. എന്നെ ആ വീട്ടിലേക്ക് അവര് കൂട്ടിക്കൊണ്ട് പോയിരുന്നു. പെണ്‍കുട്ടീനെ ഞാന്‍ കാണും ചെയ്തു. ഉള്ള കാര്യം പറയാലോ. കുട്ട്യേ കണ്ടാല് കണ്ണ് തട്ടും. നറുക്ക് കുത്ത്യേത് പോലെണ്ട്. എന്താ ഒരു മുടി. ചന്തിക്ക് കീപ്പട്ട് കിടക്കിണുണ്ട്. വെളുത്ത് തുടുതുടേന്നുള്ള നിറം. ആര് കണ്ടാലും ഒന്ന് നോക്കും ''.

'' നിനക്കെന്താ പാറൂ പ്രാന്തുണ്ടോ. ഇതെന്താ കുട്ടി കളിയാണോ '' ഇന്ദിര പറഞ്ഞു '' അനൂന്ന് എത്ര്യാ പ്രായംന്ന് നിനക്കറിയ്യോ ''..

'' അതൊന്നും നോക്കണ്ടാ. ഇതുപോലെ ഒരു ആലോചന നടന്ന നാട്ടിന്ന് കിട്ടില്ല. തമ്പുരാന്‍റെ പേര് പറഞ്ഞതും അവര്‍ക്ക് മനസ്സിലായി. നിങ്ങടെ കൂട്ടക്കാര് അധികം ഇല്ലാത്തതല്ലേ. പാകം പോലത്തെ ആലോചന വന്നപ്പൊ സമ്മതിച്ചതാണ്. പക്ഷെ ഒരു കുറവുണ്ട്ട്ടോ. പറഞ്ഞില്ലാന്ന് പിന്നെ പറയാന്‍ പാടില്ല.

ഇന്ദിര അവളെത്തന്നെ നോക്കിയിരുന്നു.

'' കുട്ടിടെ അമ്മയ്ക്ക് തലയ്ക്ക് നല്ല സുഖൂല്യാ. എന്നു വെച്ച് ആരേം ഉപദ്രവിക്ക്വോന്നൂല്യാ. എപ്പഴും പിറുപിറെ പറഞ്ഞോണ്ടിരിക്കും. അത് കാര്യാക്കാനില്ല '' പാറു പറഞ്ഞു '' ഇങ്ങിനെയൊരു കുറവ് ഇല്ലാച്ചാല്‍ ഈ ബന്ധം കിട്ടാനും പോണില്ല ''.

'' എന്തോ എനിക്കിത് ശരിയാവുംന്ന് തോന്നുന്നില്ല '' ഇന്ദിര പറഞ്ഞു.

'' കേറി വന്ന മഹാലക്ഷ്മിയെ ആട്ടി പറഞ്ഞയക്കാന്‍ നിക്കണ്ടാ. നല്ലോണം ആലോചിച്ചിട്ട് മറുപടി പറഞ്ഞാ മതി. പിന്നെ സങ്കടപ്പെട്ടിട്ട് കാര്യൂല്യാ ''. പാറു എഴുന്നേറ്റു.

'' നില്‍ക്ക്. വന്നിട്ട് ഒരു തുള്ളി വെള്ളം കുടിക്കാണ്ടെ പോവ്വേ '' ഇന്ദിര അകത്തേക്ക് പോയി.

ചായ കുടിച്ചതും '' പിന്നെ വരാ ''മെന്നു പറഞ്ഞ് പാറു പോയി. ഇന്ദിര രാമകൃഷ്ണന്‍റെ അടുത്തേക്ക് ചെന്നു.

'' പാറു പറഞ്ഞത് കേട്ട്വോ '' അവള്‍ ചോദിച്ചു.

'' ങും '' അയാള്‍ മൂളി.

'' എന്താ അഭിപ്രായം ''.

'' തേവര് ഒരു വഴി കണിച്ചതാണെന്ന് തോന്നി ''.

'' നിങ്ങള്‍ക്കിത് എന്തിന്‍റെ കേടാ '' ഇന്ദിരയ്ക്ക് ആ മറുപടി ഇഷ്ടപ്പെട്ടില്ല '' ചെക്കന്‍റെ ചെവീല് ഇത് എത്തണ്ടാ. പിന്നെ മനസ്സില് ആ നിനവും വെച്ചോണ്ട് നടക്കും ''.

'' എന്‍റെ കണ്ണടയും മുമ്പ് അവന്‍ ഒരു നിലയ്ക്ക് എത്തുന്നത് കണാന്‍ പറ്റിയാല്‍ സമധാനമായിട്ട് പോവായിരുന്നു ''.

ആ വാക്കുകള്‍ ഇന്ദിരയ്ക്ക് സഹിക്കാനായില്ല.

'' എന്‍റെ രാമേട്ടനെ ഞാന്‍ എവിടേക്കും വിടില്ല '' അവള്‍ തളര്‍ന്ന ശരീരത്തെ കെട്ടി പിടിച്ചു.

6 comments:

 1. തേവർ കാണിച്ചു തരുന്ന വഴികൾ മനസ്സിലാക്കി അതിലൂടെ നടക്കാൻ തോന്നാത്തതാണ് മനുഷ്യന്റെ പരാജയ കാരണം.

  ReplyDelete
 2. ഞൻ വന്നൂട്ടൊ. അപ്പോ അടുത്തൊരു കല്യാണം ഉണ്ടാകുമോ?

  ReplyDelete
 3. രാജഗോപാല്‍,
  വിധിക്കനുസരിച്ചല്ലേ ബുദ്ധി തോന്നൂ.

  വാല്‍മീകന്‍,
  ആശംസകള്‍ക്ക് നന്ദി.

  Typist / എഴുത്തുകാരി,
  വന്നെത്തിയതില്‍ വളരെ സന്തോഷം. ഒരു ആലോചന, അത്ര മാത്രം.

  ponmalakkaran / പൊന്മളക്കാരന്‍,
  വളരെ നന്ദി.

  ReplyDelete
 4. മനുഷ്യന് ബന്ധുബലം, മരത്തിന് വേര് ബലം
  ആരുമില്ലാത്തോരുക്ക് ദൈവം തുണ..

  ReplyDelete