Monday, October 3, 2011

നോവല്‍ - അദ്ധ്യായം - 21.

നേരം പുലര്‍ന്നത് അറിഞ്ഞില്ല. രാത്രി മുഴുവന്‍ ഓരോന്ന് ആലോചിച്ച് കിടന്നതുകൊണ്ട് ഉറങ്ങാന്‍ വല്ലാതെ വൈകി. പുലരാറായപ്പോഴാണ് മിഴികള്‍ അടഞ്ഞത്. പടിക്കല്‍ നിന്ന് ഉച്ചത്തില്‍ രാമന്‍റെ ശബ്ദം കേള്‍ക്കാനുണ്ട്. ഗെയിറ്റ് പൂട്ടിയതുകാരണം അവന് അകത്ത് വരാന്‍ ആവില്ലല്ലോ.

വലത്തെ കൈപ്പത്തിയിലേക്ക് നോക്കി പ്രാര്‍ത്ഥിച്ചു. കരാഗ്രേ വസതേ ലക്ഷ്മി കര മദ്ധ്യേ സരസ്വതി കര മൂലേ സ്ഥിതേ ഗൌരി പ്രഭാതേ കര ദര്‍ശനം എന്നാണ് വിശ്വാസം. ഭൂമിയെ തൊട്ടു വന്ദിച്ചതിന്നു ശേഷം എഴുന്നേറ്റു. കലണ്ടറിലെ കൃഷ്ണനെ കൈകൂപ്പി വാതില്‍ തുറന്ന് ഇറങ്ങി.

'' എണീറ്റിട്ടുണ്ടാവുംന്നാ വിചാരിച്ചത് '' പടിക്കല്‍ എത്തിയപ്പോള്‍ രാമന്‍ പറഞ്ഞു.

'' ഉറക്കത്തില്‍പ്പെട്ടു. സമയം ആയത് അറിഞ്ഞില്ല ''. ഗെയിറ്റ് തുറന്ന് രാമനോടൊപ്പം തിരിച്ചു നടന്നു.

'' ഇന്ന് എന്താ ചെയ്യണ്ടത് '' അവന്‍ ചോദിച്ചു.

'' തൊടിയൊക്കെ വെട്ടി അയര്‍ക്ക്. വല്ലതും വന്നു കിടന്നാല്‍ അറിയില്ല ''.

'' അത് ശരിയാണ്. വല്ല പന്നിയോ മറ്റൊ വന്നു കിടന്നാല്‍ പിഴപ്പായി. അത് പെറ്റു കൂട്ടും. തരം തെറ്റി അതിന്‍റെ മുമ്പില്‍ പെട്ടാല്‍ ആള് ബാക്കി കാണില്ല ''.

'' ഞാന്‍ പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞ് വേഗം വരാം ''. രാമന്‍ കൈക്കോട്ടും മടവാളുമായി തൊടിയിലേക്ക് പോയതും കെ.എസ്. മേനോന്‍ അകത്തേക്ക് കയറി. പ്രഭാത കര്‍മ്മങ്ങള്‍ കഴിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ കാലത്തെ ആഹാരത്തെ കുറിച്ചായി ചിന്ത. അടുത്തുള്ള ചായ പീടികയില്‍ ചെന്ന് കഴിക്കണോ, രാമനെക്കൊണ്ട് വാങ്ങിക്കണോ എന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ മോട്ടോര്‍ സൈക്കിളിന്‍റെ ശബ്ദം കേട്ടു. പടി കടന്ന് വന്നത് ഗോപാലകൃഷ്ണന്‍ നായര്‍ . ഈ പ്രായത്തിലും അയാള്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതില്‍ അത്ഭുതം തോന്നാറുണ്ട്.

'' ഈ ബാഗ് ഒന്ന് പിടിക്കിന്‍ '' ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു '' എന്‍റെ ബൈക്ക് ഈ മൂച്ചിടെ തണലത്ത് കൊണ്ടുവന്ന് വെക്കട്ടെ ''. ഗെയിറ്റിന്ന് വെളിയില്‍ റോഡോരത്ത് നിറുത്തിയ ബൈക്ക് സ്റ്റാര്‍ട്ടാക്കി അയാള്‍ തണലിലേക്ക് ഓടിച്ചു വന്നു.

'' എന്താ ബാഗില്. നല്ല കനം ഉണ്ടല്ലോ '' മേനോന്‍ ചോദിച്ചു.

'' താന്‍ എന്താ രാവിലെ കഴിച്ചത് '' തിരിച്ച് ഒരു ചോദ്യമാണ് ഉണ്ടായത്.

'' ഒന്നും കഴിച്ചില്ല. എന്താ വേണ്ടത് എന്ന ആലോചനയിലാണ് ''.

'' എന്നാല്‍ തനിക്ക് പ്രാതലിന്നുള്ള ഇഡ്ഡലിയും നമുക്ക് ഉച്ചയ്ക്കുള്ള ചോറും ആണ് അതിലുള്ളത്. ഞാന്‍ വൈകുന്നേരത്തെ പോണുള്ളൂ ''.

വലിയ ആശ്വാസം തോന്നി. അത്ര നേരം വല്ലതും സംസാരിച്ചിരിക്കാന്‍ ആളായല്ലോ.

അടുക്കളയിലെ ഡെസ്കിന്നു മീതെ ബാഗ് വെച്ച് പൊതിയെടുത്ത് തുറന്നു. വാട്ടിയ വാഴയിലയില്‍ ഇഡ്ഡലിയും കട്ടിച്ചട്ടിണിയും പൊതിഞ്ഞു വെച്ചിട്ടുണ്ട്. ഒരു ഗ്ലാസ്സില്‍ വെള്ളം എടുത്ത് ഡെസ്ക്കിന്ന് അടുത്തെ ബെഞ്ചില്‍ വന്നിരുന്നു. ഭക്ഷണം കഴിക്കുന്നതും നോക്കി ഗോപാലകൃഷ്ണന്‍ അരികത്തും.

'' വയസ്സുകാലത്ത് ബൈക്ക് ഓടിക്കാന്‍ തനിക്ക് പ്രയാസം തോന്നിണില്യേ '' മനസ്സില്‍ തോന്നിയ സംശയം ചോദിച്ചു.

'' എന്ത് പ്രയാസം. ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ടില്‍ ഞാന്‍ വാങ്ങിയതാണ് ഈ ബുള്ളറ്റ്. അത് കഴിഞ്ഞ് മൂന്ന് കൊല്ലം കഴിഞ്ഞിട്ടാണ് അമ്മിണിയെ കല്യാണം കഴിച്ചത്. ഇന്നും എന്‍റെ ബൈക്കിന്ന് ഒരു കേടും ഇല്ലാടോ. കൊടുത്താല്‍ വാങ്ങിയതിന്‍റെ മുപ്പതോ മുപ്പത്തഞ്ചോ ഇരട്ടി പണം കിട്ടും. മക്കള് കൊടുക്കാന്‍ പറയുന്നുണ്ട്. വലിച്ച് സ്റ്റാന്‍ഡില്‍ ഇടാനും ഉരുട്ടാനും കുറച്ച് വിഷമം ഉണ്ട്. എന്നാലും കൊടുക്കില്ല. മരിക്കുന്നത് വരെ അത് എന്‍റെ മാത്രമായിട്ട് ഉണ്ടാവണം. ഒരു തരം പാശം ആണെന്ന് കരുതിക്കോളൂ ''.

'' ഓടിക്കാന്‍ വയ്യാണ്ടെ ആവുന്ന കാലത്തോ ''.

'' അപ്പോഴും വില്‍ക്കില്ല. നിത്യം അതിന്‍റെ അടുത്ത് ചെല്ലും. തുടച്ച് മിനുക്കി വെക്കും. കുറെ നേരം അതിനെ നോക്കി നില്‍ക്കും. തനിക്കറിയ്യോ, ദിവസവും രാവിലെ എഴുന്നേറ്റ് പുറത്തേക്ക് വന്നാല്‍ ഞാന്‍ ആദ്യം എന്‍റെ ബൈക്കിനെയാണ് നോക്കുക. അതാണ് എന്‍റെ കണി ''.

'' തന്‍റെ ഓരോ ശിലങ്ങളേ ''.

'' ശീലങ്ങളാണെടോ മനുഷ്യരെ വെവ്വേറെ ആളുകളാക്കുന്നത്. ഒരു ശീലം ഉപേക്ഷിക്കുന്നതോടെ ആ വ്യക്തി മാറുകയാണ്. ഇന്നും രാത്രി ഭക്ഷണത്തിന്നു മുമ്പ് ഞാന്‍ രണ്ട് പെഗ്ഗടിക്കാറുണ്ട്. എത്രയോ കൊല്ലങ്ങളായിട്ടുള്ള ശീലമാണ്. അത് നിര്‍ത്തിയാലോ ? ഇപ്പോള്‍ ഞാനെന്ത് കഴിച്ചാലും ദഹിക്കും, ചിലപ്പോള്‍ അതുണ്ടാവില്ല. എന്‍റെ സ്വഭാവത്തിന്ന്, ഞാന്‍ ചിന്തിക്കുന്ന രീതിക്ക് ഒക്കെ മാറ്റം വരും ''.

വിസ്തരിച്ച് ഭക്ഷണം കഴിച്ചു. ആവശ്യത്തിലേറെ ഇഡ്ഡലിയുണ്ട്. ബാക്കി രാമന്ന് മാറ്റി വെച്ചു. പാവം അദ്ധ്വാനിക്കുന്നതല്ലേ. പാത്രം കഴുകി വെച്ച് തളത്തിലേക്ക് പോന്നപ്പോള്‍ ഗോപാലകൃഷ്ണന്‍ പത്രം വായിച്ച് കസേലയില്‍ ഇരിപ്പാണ്.

'' താന്‍ വായിച്ചോട്ടെ എന്നു കരുതി വരുന്ന വഴിക്ക് വാങ്ങിയതാണ് '' അയാള്‍ പത്രം നീട്ടി.

'' ഞാന്‍ വൈകുന്നേരം വായിച്ചോളാം. ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ നേരം പോവാനായി ''.

മാവിന്‍ ചുവട്ടില്‍ ഇരുവരും രാമന്‍ ജോലി ചെയ്യുന്നതും നോക്കി നിന്നു. കാടും പടലും അയര്‍ത്ത് അവന്‍ നാലഞ്ച് തെങ്ങുകളുള്ളതിന്‍റെ ചുവട്ടില്‍ തൂപ്പും തോലും ഇടുകയാണ്.

'' പുതിയ വീട് ഉണ്ടാക്കണം എന്ന് താന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എതിര്‍ത്തത് ഓര്‍മ്മയുണ്ടോ. ഇപ്പോള്‍ എന്തു തോന്നുന്നു '' ഗോപാലകൃഷ്ണന്‍ നായര്‍ ചോദിച്ചു.

മുമ്പൊരു വിറക് പേട്ടയായിരുന്ന ഈ സ്ഥലത്ത്, വിറക് ഷെഡ്ഡ്നോടനുബന്ധിച്ച് ഉണ്ടായിരുന്ന ഒരു കൊച്ചു പുര. അതിലാണ് ഏതോ നാട്ടുകാരനായ ഉടമസ്ഥന്‍ താമസിച്ചിരുന്നത്. വീട്ടില്‍ നിന്ന് രണ്ട് നാഴികയില്‍ കൂടുതല്‍ ദൂരമുണ്ടെങ്കിലും അമ്മയുടെ അച്ഛന്‍ ദിവസവും അവിടെ ചെന്നിരുന്നു. കച്ചവടം നിര്‍ത്തി ഉടമസ്ഥന്‍ നാട്ടിലേക്ക് മടങ്ങുന്ന അവസരത്തില്‍ പേട്ട നിന്നിരുന്ന സ്ഥലം അമ്മയുടെ അച്ഛന്‍ വാങ്ങി. തറവാട് വീതം വെച്ചപ്പോള്‍ അമ്മ നിര്‍ബന്ധിച്ച് ആ അരയേക്കര്‍ ഭൂമി മൂത്ത മകന്‍റെ പേരില്‍ എഴുതി വെപ്പിക്കുകയായിരുന്നു. അങ്ങിനെ കിട്ടിയതാണ് ഇവിടം.

'' എന്താടോ, താന്‍ ചോദിച്ചതിന്ന് മറുപടി പറയാത്തത് '' കൂട്ടുകാരന്‍റെ ശബ്ദം ഉയര്‍ന്നു.

'' ഞാന്‍ ആ കാര്യം ആലോചിച്ചതാണ്. രണ്ട് പെങ്ങമ്മാര്‍ക്കും അവരുടെ കുടുംബത്തിന്നും എന്‍റെ കൂടെ ഒന്നിച്ച് കഴിയാന്‍ പറ്റിയ വലിയൊരു വീട്. അങ്ങിനെ വല്ലതും ചെയ്തിരുന്നെങ്കില്‍ എന്‍റെ കാലശേഷം അവര് രണ്ടാള്‍ക്കും തമ്മില്‍ തല്ലാന്‍ ഒരു വഴിയായി. അത് കൂടാതെ ദൈവം കാത്തു ''.

'' ഫൂ '' ഗോപാലകൃഷ്ണന്‍ നായര്‍ നീട്ടിത്തുപ്പി '' പെങ്ങമ്മാര് വെച്ചിരിക്കുന്നു. എനിക്ക് കേള്‍ക്കണ്ടാ അവിറ്റകളുടെ കാര്യം. തനി സ്വാര്‍ത്ഥികള് ''.

അയാള്‍ രാമന്‍ പണി ചെയ്യുന്ന ഭാഗത്തേക്ക് നടന്നു. ഇള വെയില്‍ ഏറ്റ് ക്ഷീണം തോന്നി. ഫാനിട്ടിട്ട് തളത്തിലെ ചാരുകസേലയില്‍ കിടന്നു. അറിയാതെ കണ്ണുകള്‍ അടഞ്ഞു.

മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ടാവുന്ന ശബ്ദം ഉണര്‍ത്തിച്ചു. എഴുന്നേറ്റ് പുറത്ത് വന്ന് നോക്കുമ്പോള്‍ ഗോപാലകൃഷ്ണന്‍ പോവാന്‍ ഒരുങ്ങുകയാണ്. പുറകില്‍ രാമനുമുണ്ട്.

'' എവിടേക്കാ '' മുറ്റത്തേക്ക് ചെന്നു.

'' നല്ലൊരു കാര്യത്തിന്ന് പോവ്വാണ്. ഇപ്പൊ വരാടോ '' കൂട്ടുകാരന്‍ ചിരിച്ചു. ബൈക്ക് ഗെയിറ്റ് കടന്ന് റോഡിലൂടെ വടക്കോട്ട് പാഞ്ഞു. അര മണിക്കൂര്‍ കഴിഞ്ഞതും അവര്‍ തിരിച്ചെത്തി. രാമന്‍റെ കയ്യില്‍ ഒരു പൊതി. ബൈക്ക് സ്റ്റാന്‍ഡിലിട്ട് സുഹൃത്ത് പൊതിയും വാങ്ങി അകത്തേക്ക് വന്നു, മുറ്റത്ത് വെച്ച കൈക്കോട്ട് എടുത്ത് രാമന്‍ തൊടിയിലേക്കും.

'' എന്താ ഇത് '' പൊതി ചൂണ്ടിക്കാട്ടി ചോദിച്ചു.

'' എടോ, അത് കുറച്ച് ഇറച്ചിയാണ്. കാട്ടുപന്നിടെ ''.

'' എവിടുന്നു കിട്ടി ''.

'' പനടെ നൊങ്ക് വെട്ടാന്‍ ആരെങ്കിലും സഹാറ മരുഭൂമിയിലേക്ക് പോവ്വോ. ഉള്ള സ്ഥലത്തല്ലേ ചെല്ലുള്ളു. അതുപോലെ ഈ സാധനം കിട്ട്വോ എന്ന് അന്വേഷിച്ചു. ഇന്നലെ ആരോ കുരുക്ക് വെച്ച് പിടിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അവിടെ ചെന്നു വാങ്ങി ''.

'' താന്‍ ശരിക്കും ഒരു കാട്ടാളന്‍ തന്നെ ''.

'' മുപ്പത്തി മൂന്ന് കൊല്ലം വനം വകുപ്പില്‍ ജോലി ചെയ്തവനെ അങ്ങിനെ വിളിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല '' ഉച്ചത്തില്‍ ചിരിച്ച് പൊതിയുമായി അയാള്‍ അടുക്കളയിലേക്ക് പോയി.

5 comments:

 1. “കരാഗ്രേ വസതേ ലക്ഷ്മി……..” എത്ര ഉദാത്തമായ ദൈവ സങ്കല്പങ്ങളാണു നമ്മുടെ പൂർവ സൂരികൾ നമുക്കായി സമ്മാനിച്ചിരിക്കുന്നത്. ഈ വിശ്വാസമുള്ള ആരെങ്കിലും ദേവീ സാന്നിദ്ധ്യമുള്ള കൈകൾ കൊണ്ട് എന്തെങ്കിലും ഹീന കൃത്യം ചെയ്യുമോ?

  കാലങ്ങളായി ഉപയോഗിച്ചു വരുന്ന അചേതനമായ വസ്തുക്കളോട് തോന്നുന്ന ആത്മബന്ധം പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരോടെന്ന പോലെ സ്നേഹിക്കുന്നതും കലഹിക്കുന്നതും പരിഭവിക്കുന്നതും എല്ലാം.

  ReplyDelete
 2. കുറേ അദ്ധ്യായങ്ങളായി വായിച്ചിട്ടില്ല. എല്ലാം കൂടി ഒരുമിച്ചിരുന്നു വായിക്കാം. അപ്പോൾ ഒരു നോവൽ വായിക്കുന്ന സുഖവും കിട്ടും.

  ReplyDelete
 3. തുടർച്ചയായി ഞാനും വരാറില്ല. ഇനി മുടങ്ങാതിരിക്കാൻ ശ്രമിക്കും..
  ആശംസകൾ...

  ReplyDelete
 4. രാജഗോപാല്‍ ,
  ഇത്തരം വിശ്വാസം ഉള്ളവര്‍ക്ക് തിന്മ ചെയ്യാന്‍ തോന്നില്ല.
  സ്ഥാവര ജംഗമ വസ്തുക്കളോട് പലര്‍ക്കും ഇത്തരം 
  ആത്മബന്ധം ഉണ്ടാവാറുണ്ട്.

  എഴുത്തുകാരി,
  കുറച്ചായി എഴുത്തും ഒന്നും കാണാറില്ല. ഇപ്പോഴാണ് ഒരു പോസ്റ്റ് കണ്ടത്.

  വി.കെ,
  മുടങ്ങാതെ വായിക്കൂ. അഭിപ്രായം അറിയിക്കൂ.

  ReplyDelete
 5. ചിലര്‍ക്ക് മാത്രം എന്തെ ബന്ധങ്ങള്‍ അന്യമാവുന്നു. മറ്റു ചിലര്‍ക്ക് ഇതൊക്കെ ദൈവം കൊടുക്കുന്നുമുണ്ട്‌.

  ReplyDelete