Monday, May 30, 2011

നോവല്‍ - അദ്ധ്യായം - 5.

ക്ലാസ്സ് കഴിഞ്ഞ് രമ കൂട്ടുകാരികളോടൊപ്പം ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. ക്ലാസ്സ് സമയം സൌകര്യപ്രദമാണ്. ഒമ്പതരയ്ക്ക് തുടങ്ങി ഒന്നരയ്ക്ക് അവസാനിക്കും. ഒന്നേ മുക്കാലിന്ന് ദിവസത്തില്‍ ഒരു തവണ മാത്രം വന്നു പോകുന്ന ഒരു ബസ്സുണ്ട്. അതിലാണെങ്കില്‍ തിരക്കും ഉണ്ടാവില്ല.

'' ഒന്ന് നില്‍ക്ക്. ഞാനും കൂടി ഉണ്ട് '' പിന്നില്‍ നിന്നുള്ള വിളി കേട്ടപ്പോള്‍ തിരിഞ്ഞു നോക്കി. ചിത്രയാണ്.

'' നീ എന്തേ വൈകിയത് '' ആരോ ചോദിച്ചു.

'' ടീച്ചറുടെ കയ്യിന്ന് ഒരു പുസ്തകം വാങ്ങാന്‍ നിന്നു '' അവള്‍ പറഞ്ഞു '' ഇന്നലെ വീട്ടില് വലിയമ്മയുടെ മക്കള് വന്നിരുന്നു. രമടെ ഏട്ടന്‍റെ കാര്യം ചേച്ചി പറഞ്ഞു. ചേച്ചിടെ ഒപ്പം പഠിച്ചിട്ടുണ്ടത്രേ. അത് പറയാനാ ഞാന്‍ ഓടി വന്നത് ''.

'' എന്താ എന്‍റെ ഏട്ടനെ പറ്റി പറഞ്ഞത് '' രമ ചോദിച്ചു.

'' നിന്‍റെ ഏട്ടന്‍ നന്നായി പാട്ട് പാടും എന്ന് പറഞ്ഞു. കണ്ണടച്ചിരുന്ന് പാട്ട് കേട്ടാല്‍ സാക്ഷാല്‍ യേശുദാസ് മുമ്പില്‍ വന്ന് പാടുന്നത് പോലെ തോന്നും എന്ന് ഹെഡ് മാഷ് അസംബ്ലീല് പറഞ്ഞിട്ടുണ്ടത്രേ ''.

രമയ്ക്ക് അഭിമാനം തോന്നി. ചിത്ര പറഞ്ഞ സംഭവം ഏട്ടന്‍ തന്നെ വീട്ടില്‍ പറഞ്ഞിട്ടുണ്ട്. എന്നാലും വേറെ ആരെങ്കിലും പറഞ്ഞു കേള്‍ക്കുന്നതില്‍ ഒരു സുഖമുണ്ട്.

'' ഏട്ടന്‍ പാട്ട് പഠിച്ചിട്ടുണ്ടോ ''ഷൈലയ്ക്ക് അത് അറിയണം.

'' ഇല്ല. അമ്മ പാട്ട് പഠിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് അമ്മ ഏട്ടന് പറഞ്ഞു കൊടുക്കാറുണ്ട് ''.

'' പിന്നെ എന്തേ പഠിപ്പിച്ചില്ല ''.

'' ഒന്ന് അതിനുള്ള ചുറ്റുപാട് ഉണ്ടായിരുന്നില്ല. പിന്നെ ഏട്ടന്‍ വലുതാവുമ്പോഴേക്കും അമ്മയ്ക്ക് എല്ലാ കലകളോടും എന്തോ ഒരു മടുപ്പ് വന്നു. ഇപ്പൊ കുറച്ചായിട്ട് പാട്ട് എന്ന് കേട്ടാലേ അമ്മയ്ക്ക് കലി വരും. രാഗം മൂളിക്കൊണ്ടിരുന്നാല്‍ വയറ് നിറയില്ല എന്നും പറഞ്ഞ് ദേഷ്യപ്പെടും ''.

'' നല്ല പാട്ടുകാരനായാല്‍ സമ്പാദിച്ച് കൂട്ടാലോ ''.

'' അതൊക്കെ വളരെ കുറച്ച് ആളുകള്‍ക്കേ സാധിക്കൂ. അല്ലാത്തോര്‍ക്ക് എന്നും ദാരിദ്ര്യം ആവും എന്നാണ് അമ്മടെ അഭിപ്രായം ''.

'' അതൊക്കെ വെറുതെ തോന്നുന്നതാ ''ചിത്ര എതിര്‍ത്തു.

'' അല്ലാ കുട്ടീ. സരസ്വതീം മഹാലക്ഷ്മീം ഒന്നിച്ച് ഒരു ദിക്കില്‍ വാഴില്ലാത്രേ ''.

'' ആ പറഞ്ഞതാ തെറ്റ് '' ചിത്ര വിയോജിപ്പ് പ്രകടിപ്പിച്ചു '' സരസ്വതിയെ പ്രസാദിപ്പിച്ചു കൂടെ നിറുത്തിയാല്‍ മഹാലക്ഷ്മി തന്നെ വന്നു കേറും എന്ന് മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ട് ''.

'' എന്തായാലും ഏട്ടനോട് മുടങ്ങാതെ പ്രാക്ടീസ് ചെയ്യാന്‍ പറയണം. എപ്പോഴാ ഒരു ചാന്‍സ് കിട്ടുക എന്ന് പറയാന്‍ പറ്റില്ലല്ലോ ''.

രമ തലയാട്ടിയതേയുള്ളു.

**********************************************

മൂന്നാം ദിവസം കൂട്ടുകാരെ കാണാന്‍ സുമേഷ് എത്തി. കോട്ടയ്ക്ക് മുമ്പിലെ പാര്‍ക്കിങ്ങ് ഗ്രൌണ്ടിനോട് ചേര്‍ന്നുള്ള മരചുവട്ടില്‍ എല്ലാവരും ഇരുന്നു.

'' എന്താടാ ഇന്നലേയും മിനിഞ്ഞാന്നും നിന്നെ ഈ വഴിക്ക് കാണാഞ്ഞത് '' റഷീദ് ചോദിച്ചു.

'' എന്തൊക്കെ പ്രയാസങ്ങളാണ്. ഒന്ന് മഴ ചാറിയതും ആളുകള്‍ വിതയ്ക്കാനും ഞാറ് പാകാനും തുടങ്ങി. ആ സമയം നോക്കി ട്രാക്ടര്‍ ഡ്രൈവര്ക്ക് കണ്ണില്‍ ദീനം. പിന്നെന്താ ചെയ്യുക. ഞാന്‍ തന്നെ രണ്ട് ദിവസവും പാടം പൂട്ടാന്‍ ട്രാക്ടറും കൊണ്ട് പോയി ''.

'' എങ്ങിനെയാടാ പൊടിയും സഹിച്ച് ഈ ചൂടില്‍ പകല്‍ മുഴുവന്‍ അതിന്‍റെ മുകളില്‍ ഇരിക്കുന്നത് ''പ്രദീപ് ചോദിച്ചു.

'' അതും പറഞ്ഞ് വീട്ടിലിരുന്നാല്‍ സമയത്തിന്ന് പണി ചെയ്തു കൊടുക്കാന്‍ കഴിയില്ല ''.

'' നാട്ടില്‍ വേറെ ട്രാക്ടര്‍ ഇല്ലാത്ത മാതിരിയാണല്ലോ നിന്‍റെ വര്‍ത്തമാനം ''.

'' നാട്ടില്‍ ഇഷ്ടം പോലെ ട്രാക്ടര്‍ ഉണ്ടാവും. ആവശ്യക്കാര്‍ക്ക് വിളിച്ചാല്‍ കിട്ടും ചെയ്യും. പോണത് നമുക്ക് കിട്ടുന്ന കാശാണ്. പോരാത്തതിന്ന് അടുത്ത പ്രാവശ്യം മുതല്‍ അവര് നമ്മളെ വിളിക്കാണ്ടാവും ''.

'' എന്തിനാ ഇത്ര കഷ്ടപ്പെടുന്നത് '' പ്രദീപ് ചോദിച്ചു '' നീ ഒറ്റ മകനല്ലേ. ഇട്ട് മൂടാനുള്ള സ്വത്തും ഉണ്ട് ''.

'' അത് ഇപ്പോഴല്ലേ. ആദ്യ കാലത്ത് ഉണ്ടായിരുന്നത് വെറും അഞ്ച് പറ കണ്ടം . അച്ഛന്ന് ലോറി ഡ്രൈവറുടെ പണി. ബാക്കിയൊക്കെ അച്ഛന്‍ ഗള്‍ഫില്‍ ചെന്ന് സമ്പാദിച്ച കാശോണ്ട് ഉണ്ടാക്കി ചേര്‍ത്തതാ '' സുമേഷ് പറഞ്ഞു '' നെല്ല് അരയ്ക്കാനും പൊടിക്കാനും മില്ല് തുടങ്ങിയ ശേഷം ഒരാളെ പണിക്ക് വെച്ചിട്ടില്ല. അമ്മ തന്നെ ചെയ്യും. ലീവില് വരുമ്പൊ അച്ഛനും കൂടി പണിയെടുത്തിട്ടാണ് മലടെ ചോട്ടില്‍ വാങ്ങിയ സ്ഥലത്ത് റബ്ബര്‍ വെച്ചത്. രണ്ടാളും നല്ലോണം കഷ്ടപ്പെട്ടിട്ടാണ് ഇന്ന് ഉള്ളതൊക്കെ ഉണ്ടാക്കിയത് ''.

'' സമ്മതിച്ചു. ഇനിയുള്ള കാലം ബുദ്ധിമുട്ടാതെ കഴിഞ്ഞൂടേ ''.

'' എടാ. എത്ര വലിയ കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും. കുറച്ചൊക്കെ ബുദ്ധിമുട്ടണം. എന്നാലേ ഉള്ള മുതല് നില നിര്‍ത്താന്‍ പറ്റു. എന്‍റെ അച്ഛനും അമ്മയും എനിക്ക് വേണ്ടിയാണ് പാടുപെടുന്നത്. ഞാന്‍ അത് മനസ്സിലാക്കേണ്ടേ ''.

'' നീ എന്തോ ചെയ്തോ '' പ്രദീപ് പറഞ്ഞു '' നിന്‍റെ സ്ഥാനത്ത് ഞാനാണെങ്കില്‍ സമയത്തിന്ന് ഭക്ഷണം കഴിച്ച് മിണ്ടാതെ ഒരു ഭാഗത്ത് ഇരിക്കും ''.

'' അല്ലെങ്കില്‍ ഇപ്പൊ നീ എന്താ ചെയ്യുന്നത് '' സുമേഷിന്‍റെ ചോദ്യം കേട്ട് കൂട്ടുകാര്‍ ഉറക്കെ ചിരിച്ചു. പ്രദീപിന്ന് ഒന്നും പറയാനുണ്ടായിരുന്നില്ല.

'' എന്നെ വാരിക്കോ '' അവനും ചിരിയില്‍ കൂടി.

'' എവിടെ നമ്മളുടെ ഗാന ഗന്ധര്‍വ്വന്‍ പൊതുവാള്‍ '' സുമേഷ് അന്വേഷിച്ചു.

'' ബാംഗ്ലൂരിലേക്ക് മീറ്റിങ്ങിന്ന് പോയതാണ്. അതിന്ന് ശേഷം കണ്ടിട്ടില്ല. ചിലപ്പോള്‍ മാനേജര്‍ വര്‍ക്കിന്ന് വന്നിട്ടുണ്ടാവും '' റഷീദ് മറുപടി നല്‍കി.

പാതയോരത്തെ ഉന്തുവണ്ടിയില്‍ നിന്നും മുട്ടബജ്ജിയും ചായയും കഴിച്ച് കൂട്ടുകാര്‍ പിരിയാനൊരുങ്ങി.

'' ബൈക്കിന്ന് ബ്രേക്ക് പോരാ '' സുമേഷ് പറഞ്ഞു '' ലൈനര്‍ മാറ്റണം എന്ന് തോന്നുന്നു ''.

'' നീ അത് കൊടുക്ക്. നാലഞ്ച് കൊല്ലം പഴക്കം ഉണ്ടെങ്കിലും പാഷന്‍ പ്ലസ്സ് ആയതോണ്ട് കാശ് കിട്ടും. റീസെയില്‍ വാല്യൂ ഉള്ളതാണ് ''റഷീദ് പറഞ്ഞു.

'' എന്നിട്ട് ''.

'' സെഡ്. എം. ആറോ, കരിഷ്മയോ വാങ്ങിക്ക്. ഓടിക്കാന്‍ നല്ല സുഖം ഉണ്ടാവും ''.

'' നന്നായി. ഇന്നത്തെ പെട്രോളിന്‍റെ വിലയ്ക്ക് നല്ലോണം മുതലാവും ''.

'' ഞാന്‍ നോക്കുമ്പോള്‍ പെട്രോളിന്‍റെ വില കുറയാന്‍ ഒറ്റ വഴിയേ ഉള്ളു '' പ്രദീപ് പറഞ്ഞു.

'' എന്താടാ അത് '' ആ ചോദ്യം പല ചുണ്ടുകളില്‍ നിന്നും ഒന്നിച്ച് ഉയര്‍ന്നു.

'' നമ്മടെ പഴയ റെയില്‍വെ മന്ത്രിയില്ലേ ലാലു പ്രസാദ് യാദവ്. അയാളെ പിടിച്ച് പെട്രോളിയം വകുപ്പിന്‍റെ ചുമതല ഏല്‍പ്പിക്കുക. ട്രെയിന്‍ ചാര്‍ജ്ജ് കുറച്ച് റെയില്‍വെ ലാഭത്തിലാക്കിയ ആളാണ്. ഉറപ്പായിട്ടും അതു പോലെ എന്തെങ്കിലും സൂത്രം കാട്ടി രണ്ട് മാസം കൊണ്ട് മൂപ്പര് പെട്രോള്‍ വില ലിറ്ററിന്ന് ഇരുപത് ഉറുപ്പിക എങ്കിലും ആയി കുറയ്ക്കും. കമ്പിനികളൊക്കെ ലാഭത്തില്‍ ആവും ചെയ്യും ''.

'' നിന്‍റെ തല ഇവിടൊന്നും വെക്കേണ്ടതല്ല '' സുമേഷ് പറഞ്ഞു. കൂട്ടുകാര്‍ ആര്‍ത്തു ചിരിച്ചു.

6 comments:

 1. ചെറുപ്പക്കാരുടെ മനസ്സിലേയ്ക്ക് എത്തി നോക്കണമെങ്കിൽ അവരുടെ ഇഷ്ടാനിഷ്ടങ്ങളും ഫിലോസഫിയും മനസ്സിലാവണം. തലമുറകളുടെ വിടവ് ബ്രിജ് ചെയ്യണം. ആ യാത്ര സുഗമമായി.

  ReplyDelete
 2. നമ്മടെ പഴയ റെയില്‍വെ മന്ത്രിയില്ലേ ലാലു പ്രസാദ് യാദവ്. അയാളെ പിടിച്ച് പെട്രോളിയം വകുപ്പിന്‍റെ ചുമതല ഏല്‍പ്പിക്കുക. ട്രെയിന്‍ ചാര്‍ജ്ജ് കുറച്ച് റെയില്‍വെ ലാഭത്തിലാക്കിയ ആളാണ്. ഉറപ്പായിട്ടും അതു പോലെ എന്തെങ്കിലും സൂത്രം കാട്ടി രണ്ട് മാസം കൊണ്ട് മൂപ്പര് പെട്രോള്‍ വില ലിറ്ററിന്ന് ഇരുപത് ഉറുപ്പിക എങ്കിലും ആയി കുറയ്ക്കും. കമ്പിനികളൊക്കെ ലാഭത്തില്‍ ആവും ചെയ്യും ''.
  ഇഷ്ടായി...... ആശംസകൾ.

  ReplyDelete
 3. രാജഗോപാല്‍ ,

  വാസ്തവം. സുസൂക്ഷമം നിരീക്ഷിച്ചാലേ എഴുതാന്‍ കഴിയൂ.

  പൊന്മളക്കാരന്‍ ,

  ആശംസകള്‍ക്ക് നന്ദി.

  ReplyDelete
 4. കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും

  ReplyDelete
 5. ലാലുപ്രസാടിനെക്കുരിച്ചുള്ള കമന്റ്‌ ഇഷ്ടായി... ശരിയല്ലേ. നഷ്ടത്തില്‍ ആയിരുന്ന റെയില്‍വേ ഇപ്പോള്‍ നോക്ക്..

  ReplyDelete
  Replies
  1. അതൊരു തെറ്റായ ധാരണ ആയിരുന്നു.

   Delete